ഇന്ത്യന്‍ സിനിമയ്ക്കു പുറമെ അന്താരാഷ്ട്ര സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് രാധിക ആപ്തെ. സിനിമയിലെ വേരുകളൊന്നുമില്ലാതെയാണ് രാധിക ആപ്തെ കടന്നു വന്നത്. തിയറ്ററിലൂടെയായിരുന്നു അഭിനയത്തിന്റെ തുടക്കം. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.
ഹിന്ദിയിലാണ് സജീവമെങ്കിലും തമിഴിലും തെലുങ്കിലും മലയാളത്തിലും രാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും രാധിക അഭിനയിച്ചിട്ടുണ്ട്. ഓണ്‍ സ്ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല രാധികയെ ജനപ്രീയയാക്കുന്നത്.
ജീവിതത്തിലെ നിലപാടുകളും കാഴ്ചപ്പാടുകളും രാധികയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. താര കുടുംബങ്ങളുടെ പാരമ്പര്യവും ഗോഡ്ഫാദര്‍മാരുടെ പിന്തുണയും അവകാശപ്പെടാനില്ലാത്തതു കൊണ്ട് തന്നെ കരിയറിന്റെ തുടക്കകാലത്ത് പല പ്രതിസന്ധികളും രാധികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ മറയില്ലാതെ സംസാരിച്ചിട്ടുണ്ട് രാധിക ആപ്തെ.
അത്തരത്തില്‍ ഒരിക്കല്‍ തെലുങ്കില്‍ നിന്നുതനിക്കുണ്ടായ അനുഭവം രാധിക പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് ഒരു സൂപ്പര്‍ താരം അപമര്യാദയായി പെരുമാറിയെന്നായിരുന്നു രാധിക വെളിപ്പെടുത്തിയത്.അവര്‍ നല്ല പണം തരും. അത് അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ വളരെ കഠിനമായിരുന്നു അക്കാലം എന്നായിരുന്നു തന്റെ തുടക്കകാലത്തെക്കുറിച്ച് രാധിക പറഞ്ഞത്.
പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലെ ലിംഗ അസമത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഞാന്‍ പൊതുവായി പറയുന്നില്ല. പക്ഷെ ഞാന്‍ അഭിനയിച്ച സിനിമകളുടെ സെറ്റില്‍ ലിംഗ സമത്വമുണ്ടായിരുന്നില്ല. തെന്നിന്ത്യന്‍ സിനിമയിലെ പുരുഷന്മാര് വളരെയധികം കരുത്തരാണ്. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാന്‍ കിടക്കുന്ന രംഗമാണ്.
ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം സെറ്റാണ്. നടന് കടന്നു വന്നു. ഞങ്ങള്‍ അപ്പോള്‍ റിഹേഴ്സല്‍ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുകപോലുമില്ലായിരുന്നു. അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. അയാള്‍ വലിയ താരമാണ്. പക്ഷെ ഞാന്‍ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി.
എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മേലാല്‍ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഒരിക്കലും ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. എന്നില്‍ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല- രാധിക വ്യക്തമാക്കി.