പൊരിച്ച കോഴിക്കാലിനായി റസ്റ്ററന്റിൽ രണ്ടു യുവതികൾ തമ്മിൽ തല്ലുണ്ടാക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായി. കൊളംബിയയിൽ മോണ്ടേറിയയിലെ ഒരു പ്രാദേശിക റസ്റ്ററന്റിലാണു സംഭവം നടന്നത്. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്റിലില്നിന്നു പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ യുവതികളുടെ സംഘട്ടനം വ്യക്തമായി കാണാം.
ഒരു യുവതിയുടെ കൈയിലിരുന്ന ചിക്കൻ കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്നു പറഞ്ഞായിരുന്നു അടി. തന്റെ കാമുകന് സമ്മാനിച്ചതാണ് ആ കോഴിക്കാലെന്നു പറഞ്ഞ് ഒരു യുവതി, മറ്റൊരു യുവതിയെ അടിക്കുകയായിരുന്നു. പരസ്പരം മുടി പിടിച്ചു വലിച്ചും വയറ്റില്‍ ചവിട്ടിയുമുള്ള തമ്മിൽതല്ലിനിടെ ഇരുവരും നിലത്തു വീണു.
എന്നാൽ, വീണിട്ടും പോര് നിർത്തിയില്ല. ഇവരുടെ തല്ല് കണ്ടിട്ടും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു തുടർന്ന ഒരാളുടെ ടേബിൾ യുവതികൾ ചവിട്ടിത്തെറിപ്പിക്കുന്നതും വീഡിയോയിലുണ്ട്. സംഭവസമയത്തു കടയിലുണ്ടായിരുന്ന ഒരാൾപോലും യുവതികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. പകരം അടി വീഡിയോ പകര്‍ത്താനായിരുന്നു അവരുടെയെല്ലാം ശ്രമം. “തങ്ങളുടെ കോഴിക്കാലുകൾ സ്വാദിഷ്ടമാണ്, ജനങ്ങൾ അവയ്ക്കായി യുദ്ധം ചെയ്യുന്നത് കണ്ടില്ലേ എന്ന് റസ്റ്ററന്റിന് പരസ്യം നല്‍കാം’ എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.