തിരുവനന്തപുരം: നിയമസഭയിൽ സീ പ്ലെയ്ൻ വിഷയത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിൽ വാക്പോര്. സി പ്ലെയിൻ വിഷയം വിവാദമാക്കാനും പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.സീ പ്ലെയിൻ കടലിൽ മാത്രമേ ഇറക്കാവൂ എന്ന് നിയമത്തിൽ എഴുതി വെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സീ പ്ലെയിൻ പദ്ധതി ഉമ്മൻചാണ്ടി സര്ക്കാരാണ് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ സർവകലാശാലയെ എതിർത്തതുപോലെയാണ് ഇടതുപക്ഷം സീ പ്ലെയിൻ പദ്ധതിയേയും എതിർത്തത്. ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും രമേശ് ചെന്നിത്തല പരിഹാസരൂപേണ പറഞ്ഞു.
നേരത്തെ കൊണ്ടുവരാൻ ശ്രമിച്ചത് വേണ്ടത്ര ഹോം വർക്ക് ചെയ്യാതെയാണെന്നും മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയിൽ ആവശ്യമായ ഹോം വർക്കിന്റെ പോരായ്മ ഉണ്ടായെന്നും ഡാമുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെ ഹോംസ് പദ്ധതിയിലൂടെ ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ആൾതാമസം ഇല്ലാത്ത വീടുകളെ പരമാവധി കണ്ടെത്തി ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തും.
ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ആദ്യഘട്ടം കൊണ്ടുവരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം മാറി.സഞ്ചാരികൾ മുഴുവൻ ഫൈസ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നവർ അല്ല.
ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കെ ഹോംസ് പദ്ധതിക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ടെന്നും ബജറ്റ് പാസായാൽ ഉടൻ പദ്ധതി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.