പിറവം: മണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും, രണ്ട് ലക്ഷം രൂപയും കവർന്നു. നെച്ചൂർ വൈഎംസിഎയ്ക്ക് സമീപം താമസിക്കുന്ന ഐക്യനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീട്ടുകാർ പള്ളിയിൽ പെരുന്നാളിന് പോയ സമയത്താണ് മോഷണം. ഇവിടെയുണ്ടായിരുന്ന സിസിടിവിയുടെ ഹാർഡ് ഡിസ്കും കൊണ്ടുപോയിട്ടുണ്ട്.
നെച്ചൂരിലെ യാക്കോബായ പള്ളിയിലും, ഓർത്തഡോക്സ് പള്ളിയിലും ഒരേ ദിവസങ്ങളിലാണ് പെരുന്നാൾ. പ്രധാന പെരുന്നാൾ ദിവസമായ ഇന്നലെ രാത്രി പ്രദക്ഷിണവും, മറ്റു ചടങ്ങുകളുമുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഭൂരിഭാഗം വീട്ടുകാരും പള്ളിയിൽ പോയിരുന്നു.
ഈ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഇതിനിടെ പള്ളിക്ക് സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമമുണ്ടായതായി പറയുന്നുണ്ട്. വീടിന്റെ മുകൾത്തട്ടിൽ കാൽപ്പെരുമാറ്റം കേട്ട്, വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ ബഹളം വെച്ചപ്പോൾ പോയെന്ന് പറയുന്നു.
വീടിന്റെ പിൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് ഉള്ളിൽ പ്രവേശിച്ചത്. വീടിനകത്ത് കിടപ്പുമുറിയിലെ അലമാര പൊളിച്ച് ഇതിനുള്ളിലുണ്ടായിരുന്ന സ്വർണവും, പണവും കവരുകയായിരുന്നു. വീടിന് ചുറ്റും സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഹാർഡ് ഡിസ്കും കൃത്യമായി കൊണ്ടുപോയത് ശ്രദ്ധേയമാണ്.
വൈകുന്നേരം ഏഴോടെയാണ് വീട്ടുകാർ പള്ളിയിൽ പോയത്. രാത്രി 11 – ഓടെ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെയാണ് മോഷണം നടന്നിരിക്കുന്നത്. പിറവം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും, വിലരടയാള വിദഗ്ദ്ധരും രാവിലെ പരിശോധന നടത്തി.
കഴിഞ്ഞ വർഷവും പെരുന്നാൾ ദിവസം വീടു കുത്തിത്തുറന്ന് നെച്ചൂർ കടവിന് സമീപത്തുള്ള വീട്ടിൽ നിന്നും പണവും, സ്വർണവും സമാന രീതിയിൽ കവർന്നതാണ്. ഈ സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഏതാനും ആഴ്ചകൾക്കു മുമ്പ് മുളക്കുളം കത്തോലിക്ക പള്ളിയിലെ തിരുന്നാളിനിടെ, ഇവിടെയുള്ള വീട്ടിൽ മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.