കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്. ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളില്‍നിന്നും വന്ന പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും.
തുടര്‍ന്നാകും അന്വേഷണത്തിലേക്ക് കടക്കുക. മുഖ്യപ്രതി അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി. പ്രാഥമിക പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്‍ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.
പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പണം നഷ്ടമായവരുടെയും പകുതി വിലയില്‍ സ്കൂട്ടറും, ലാപ്ടോപ്പും, രാസവളവും, തയ്യല്‍ മെഷീനും വാങ്ങിയവരുടെയും മൊഴിയുമെടുക്കുമെന്നും സൂചനയുണ്ട്.
65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും പോലീസിന്റെ നിഗമനം. കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാല്‍ രേഖപ്പെടുത്തി കൈമാറും.
കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ കൈമാറ്റമോ വില്പനയോ പാടില്ലെന്ന വ്യവസ്ഥയിലാകും ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ മടക്കി നല്‍കുക. നിലവില്‍ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഓരോ ജില്ലകളിലുമായി നൂറുകണക്കിന് പ്രതികളുണ്ട്. ഓരോരുത്തരുടെയും പങ്ക് പരിശോധിച്ച് അറസ്റ്റിലേക്ക് കടക്കുകയാണ് അടുത്ത വെല്ലുവിളി. എറണാകുളത്തും ഇടുക്കിയിലുമാണ് കൂടുതല്‍ കേസ് എടുത്തിരിക്കുന്നത്.
അന്വേഷണത്തിന് ഇഡിയും
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തും. പ്രാഥമികാന്വേഷണത്തിന് ശേഷം കൊച്ചി യൂണിറ്റാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. പ്രതി അനന്തുകൃഷ്ണന് കള്ളപ്പണം വെളിപ്പിച്ചോ എന്നകാര്യങ്ങളിലടക്കം ഇഡിയുടെ അന്വേഷണപരിധിയിലാണ്.
പോലീസ് ചുമത്തിയ വഞ്ചന കുറ്റത്തിന്റെ ചുവടുപിടിച്ചാകും ഇഡിയുടെ അന്വേഷണം. മണിചെയിന്‍ മാതൃകയിലായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പെന്നാണ് പോലീസ് കണ്ടെത്തല്‍. അനന്തുകൃഷ്ണന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും ഇതുവഴി 450 കോടിയുടെ ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം. തട്ടിപ്പുപണം ഉപയോഗിച്ച് അനന്തു ഇടുക്കിയിലും കോട്ടയത്തുമായി ആറിടങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ട്.
അനന്തു ജയിലില്‍ത്തന്നെ
പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരേ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.