വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) എന്ന പേരിലുളള വനിതാ കൂട്ടായ്മയുടെ ആരംഭം മലയാള സിനിമാരംഗത്ത് ഒരു വിപ്ലവം തന്നെയായിരുന്നു. ആദ്യമായാണ് സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന പിറവിയെടുക്കുന്നത്. മഞ്ജു വാര്യര്‍ മുതല്‍ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും പദ്മപ്രിയയും അടക്കമുളള പ്രമുഖര്‍ ഡബ്ല്യൂസിസിക്കു ചുക്കാന്‍ പിടിച്ചവരാണ്.
എന്നാല്‍ കൂട്ടായ്മ രൂപീകരിക്കാന്‍ മുന്നില്‍ നിന്നവരില്‍ മഞ്ജു വാര്യരും വിധു വിന്‍സെന്റും അടക്കമുളളവര്‍ ഇന്ന് ഡബ്ല്യൂസിസിയി സജീവമല്ല. അതേസമയം മഞ്ജു വാര്യര്‍ താരസംഘടനയായ അമ്മയുടെ വേദിയില്‍ സജീവമാകുന്ന കാഴ്ചയും കാണുന്നു. മഞ്ജു ഡബ്ല്യുസിസി അംഗമാണോ ഇപ്പോഴും അതോ രാജി വെച്ചോ എന്നതിൽ വ്യക്തതയില്ല.
എന്തുകൊണ്ടാണ് മഞ്ജു വാര്യരും വിധു വിന്‍സെന്റും പോലെ ഡബ്ല്യൂസിസി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പലരും ഇന്ന് സജീവമല്ലാത്തത് എന്ന ഒരു അഭിമുഖത്തില്‍ പാര്‍വതിയോടു ചോദിച്ചു. ഈ ചോദ്യത്തിന് പാര്‍വതി നല്കിയ മറുപടി ശ്രദ്ധ നേടുകയാണിപ്പോള്‍. അക്കാര്യം നിങ്ങള്‍ അവരോടു ചോദിക്കണം. അവര്‍ എന്തുകൊണ്ടില്ല, എന്താണു തീരുമാനം എന്നതൊക്കെ പറയാനുളളള ആള് ഞാനല്ല. ഇത്തരം ചോദ്യങ്ങള്‍ ഞാനാണ് നേരിടേണ്ടി വരുന്നത് എന്നത് ഒട്ടും ശരിയായ കാര്യമല്ല.
എന്നോട് ഈ ചോദ്യം ചോദിക്കുന്നത് എങ്ങനെയാണു ശരിയാകുന്നത്. അത് അവരോടല്ലേ ചോദിക്കേണ്ടത്. നിങ്ങള്‍ക്ക് അവരുടെ അഭിമുഖം ലഭിക്കാതിരിക്കുന്നത് കൊണ്ടൊന്നും അല്ലല്ലോ. എന്നാല്‍ നിങ്ങള്‍ വളരെ സൗകര്യത്തോടെ ഇത്തരം ചോദ്യങ്ങള്‍ കളക്ടീവിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആളുകളോടു ചോദിക്കുന്നു. എപ്പോഴും ഇത്തരം ചോദ്യങ്ങള്‍ എന്നോടു ചോദിക്കുന്നു. എന്നാല്‍ എനിക്ക് അതിന്റെ ഉത്തരം അറിയില്ല. കാരണം അത്തരം സംഭാഷണങ്ങള്‍ അവരുമായി ഉണ്ടായിട്ടില്ല. മാധ്യമങ്ങളാണ് സത്യം പുറത്തുകൊണ്ടുവരേണ്ടത്. അല്ലാതെ അത് എന്റെ ഉത്തരവാദിത്തം അല്ല. എനിക്ക് സാധിക്കുന്നത് എന്റെ സത്യങ്ങളെക്കുറിച്ച് സംസാരിക്കുക എന്നതാണ്- പാര്‍വതി പറഞ്ഞു.