കോട്ടയം: പെരുവന്താനം കൊമ്പന്‍പാറയിലെ പത്ത് സെന്റും മോഹിച്ചുണ്ടാക്കിയ രണ്ടു മുറി വീടും ഉപേക്ഷിച്ച് ഭാര്യ സോഫിയയെ കാട്ടാന കൊന്നതിന്റെ വേദനയില്‍ ഇസ്മായില്‍ എന്നേക്കുമായി പടിയിറങ്ങി. കാട്ടാനയും കടുവയും ഇസ്മായിലിനെ മാത്രമല്ല തൊട്ടു താമസിച്ചിരുന്ന ഉമ്മ അലിമബീവിയെയും അയല്‍ക്കാരി സ്വപ്നയെയും കിടപ്പാടമില്ലാതെ പെരുവഴിയിലാക്കി.
അടുത്തയിടെ വരെ ഏഴു വീട്ടുകാരുണ്ടായിരുന്ന കൊമ്പന്‍പാറയില്‍ ഇനി മനുഷ്യരായി ആരുമില്ല. ഇവിടെയിനി കാട്ടാനയും കടുവയും പുലിയും അടക്കിവാഴും. ഭാര്യ സോഫിയയുടെ മൃതദേഹം കബറടക്കി മടങ്ങിവന്നയുടന്തന്നെ വീട്ടുസാധനങ്ങള്‍ ഇസ്മായില്‍ വാരിക്കെട്ടി. ഇന്നലെ വൈകുന്നേരം ഉമ്മയെയും മക്കളായ ആമിനയെയും ഷെയ്ക് മുഹമ്മദിനെയും അയല്‍വാസിയെയും കൂട്ടി ചെന്നാപ്പാറയിലെ ബന്ധുവീട്ടില്‍ അഭയം തേടി.
കൂലിപ്പണിക്കാരനായ ഇസ്മായില്‍ പടിയിറങ്ങുമ്പോള്‍ ഹൃദയം നുറുങ്ങിയ വേദനയോടെ പറഞ്ഞു: “”ഏറെ കൊതിച്ചുണ്ടാക്കിയ വീടും ആകെയുള്ള മണ്ണുമാണ്. സോഫിയ കഷ്ടപ്പെട്ടു വളര്‍ത്തിയിരുന്ന നാല്‍പ്പത് ആടുകളെയും നാലു പശുക്കളെയും വിറ്റു കിട്ടിയ പണവും സര്‍ക്കാര്‍ തന്ന നാലു ലക്ഷവും മുടക്കി പണിത വീടാണ്.
പത്തു ലക്ഷം രൂപ ചെലവായതില്‍ രണ്ടര ലക്ഷം കടമുണ്ട്. രണ്ടു വര്‍ഷം തികച്ച് ഇവിടെ താമസിക്കാന്‍ ഭാഗ്യമില്ലാതെ സോഫിയ ഞങ്ങളെ വിട്ടുപോയി. ഞങ്ങളും ഇവിടെനിന്നു പോകുന്നു. ഇനി എങ്ങനെയുണ്ടാകും എനിക്കും മക്കള്‍ക്കും ഒരു വീടും കിടപ്പാടവും…”
പെരുവന്താനം പഞ്ചായത്തിലെ കൊമ്പന്‍പാറയില്‍ മനുഷ്യവാസവും കൃഷിയും തുടങ്ങിയിട്ട് 55 വര്‍ഷമായി. അടുത്ത കാലത്ത് കാട്ടാനയും കടുവയും ഇത്രയേറെ പെരുകിയതോടെ താമസക്കാര്‍ ഓരോരുത്തരായി വീടൊഴിഞ്ഞ് മറ്റിടങ്ങളിലേക്കു പോയി. പലരെയും കുറിച്ച് യാതൊരു വിവരവുമില്ല.
“”പലതവണ ഞങ്ങള്‍ കടുവയെ കണ്ടിട്ടുണ്ട്. പുല്ലു ചെത്താൻ പോയ സോഫിയ പാറയിടുക്കില്‍ പുലിയെ കണ്ട് നിലവിളിച്ചു വീട്ടിലേക്ക് ഓടിവന്നു. തൊഴിലുറപ്പുജോലിക്കു പോയി മടങ്ങുമ്പോള്‍ ഒരിക്കല്‍ അവള് കാട്ടാനയുടെ മുന്നില്‍പ്പെട്ടതാണ്.
ഞങ്ങള്‍ വളര്‍ത്തിയിരുന്ന എട്ട് ആടുകളെ കടുവ കൊണ്ടുപോയി. സങ്കടാപേക്ഷ കൊടുത്തപ്പോള്‍ വനംവകുപ്പ് രണ്ട് ആടുകളുടെ മാത്രം വില തന്നു…” ഭീതിയും ദുഃഖവും നിഴലിച്ച മുഖഭാവത്തിൽ ഇസ്മായില്‍ കണ്ണീരോടെ പറഞ്ഞു. സോഫിയയെ കൊന്ന കാട്ടാനയുടെ കൊലവിളി ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ട്. അതിനെ കാടുകയറ്റി വിടാന്‍ വനപാലകരാരും വരുന്നില്ല.
മരിച്ച ദിവസം തിങ്കളാഴ്ച രാവിലെയും സോഫിയ പഞ്ചായത്ത് പ്രതിനിധിയെ വിളിച്ച് കാട്ടാന ജീവനെടുക്കുമോ എന്നു ഭയപ്പെടുന്നതായി സങ്കടം പറഞ്ഞിരുന്നു. ഇനിയും ഇവിടെ താമസിച്ചാല്‍ എന്നെയും മക്കളെയും ആനയോ കടുവയോ കൊല്ലും.
ഈ വീടും മുറ്റവും ഇനിയൊരിക്കലും കാണാന്‍ ആഗ്രഹമില്ല, ഇവിടെ താമസിക്കുകയും വേണ്ട. ബന്ധുവീടുകളില്‍ എത്രനാള്‍ കിടക്കും. ഞങ്ങള്‍ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ പണിക്കാരല്ലാത്തതിനാല് ഞങ്ങള്‍ക്ക് താമസിക്കാന്‍ ലയം കിട്ടില്ല. മകള്‍ ആമിനയ്ക്ക് സംസാരിക്കാനും കേള്‍ക്കാനുമാകില്ല. ഉദാരമതികളുടെ സഹായത്താലാണ് അവള് പഠിക്കുന്നത്.
അവള്‍ക്കൊരു ജോലി സര്‍ക്കാര്‍ തന്നാൽ വലിയ ആശ്വാസമായിരുന്നു. മകനെ എങ്ങനെയെങ്കിലും പഠിപ്പിച്ച് കരകയറ്റണമെന്നുമുണ്ട്. എന്റെ കൂലി വരുമാനവും സോഫിയയുടെ തൊഴിലുറപ്പുമായിരുന്നു ആശ്രയം. ഇനി ജീവിതത്തിന്റെ മുഴുവന്‍ ഭാരവും ഞാന്‍ തന്നെ ചുമക്കണം.”ഇസ്മയിൽ പറഞ്ഞു.
വസ്ത്രങ്ങളും മകളുടെ പാഠപുസ്തകങ്ങളും റേഷന്‍കാര്‍ഡുമായി ഇസ്മായിലും മക്കളും ദുരന്തഭൂമിയോടു യാത്രപറഞ്ഞു. സോഫിയ വളര്‍ത്തിയിരുന്ന നാല് അടുകളും രണ്ടു കോഴികളും മാത്രമാണ് ഇവര്‍ക്കു കൊണ്ടുപോകാനുണ്ടായിരുന്നത്.
- റെജി ജോസഫ്