കോട്ടയം: കാര്‍ഷികമേഖലയിലും ജൈവമാലിന്യ സംസ്കരണമേഖലയിലും ഒരുപോലെ ഉപയോഗപ്രദമാകുന്ന റെനോവ് ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്റെ കണ്ടുപിടിത്തവുമായി സംരംഭകനായ ജോഷി ജോസഫ്.ഈരാറ്റുപേട്ട അരുവിത്തുറ താന്നിക്കല്‍ കുടുംബാംഗമായ ജോഷി കോവിഡ് കാലത്ത് കൃഷി ആവശ്യത്തിനായി ഉണങ്ങിയ ചാണകം പൊടിച്ചെടുക്കുന്നതിനായിട്ടാണ് യന്ത്രനിര്മാണത്തില് സജീവമാകുന്നത്.
പിന്നീട് നിര്‍മിച്ച ആദ്യ മോഡലില്‍നിന്ന് ബ്ലേഡുകളിലും മറ്റും ചില മാറ്റങ്ങള്‍ വരുത്തിയാണ് റെനോവ് ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീനാക്കിയെടുത്തത്. സിംഗിള്‍ ഫേസ് മോട്ടോറിലാണ് ഇതിന്റെ പ്രവര്‍ത്തനം. കുറഞ്ഞ വൈദ്യുതി ഉപയോഗം, സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനും വൃത്തിയാക്കാനും സാധിക്കുന്നു എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.
ജൈവവളം, പച്ചകക്കപ്പൊടി യൂണിറ്റുകള്‍ ഈ മെഷീന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
റെനോവ് കമ്പോസ്റ്റ് ടംബ്ലര്‍, റെനോവ് കംമ്പോസ്റ്റിംഗ് ബയോകള്‍ച്ചര്‍ എന്നീ മെഷീനുകളും ജോഷി ജോസഫിന്റെ ആശയങ്ങളാണ്. ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്റെ കണ്ടുപിടിത്തത്തിന് 2022ല്‍ കേരള റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡും 2023ല്‍ കേരള സയന്‍സ് കോണ്‍ഗ്രസ് അവാര്‍ഡും ജോഷി ജോസഫിനെ തേടിയെത്തിയിരുന്നു.
എംജി യൂണിവേഴ്സിറ്റി, തൂഷന്‍ ഡിസ്പോസിബിള്‍ പ്ലേറ്റ് നിര്‍മാണ യൂണിറ്റ് എന്നിവിടങ്ങളില്‍ ഉമി പൊടിക്കുന്നതിന് ജോഷി ജോസഫിന്റെ മെഷീനാണ് ഉപയോഗിക്കുന്നത്.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് ജില്ലയിലെ ഏറ്റവും നല്ല മാലിന്യസംസ്കരണ യൂണിറ്റിനുള്ള അവാര്‍ഡ് ലഭിച്ചതില്‍ ജോഷിയുടെ പങ്ക് പ്രധാനമാണ്.
വയനാട് ദുരന്തമുഖത്തെ മാലിന്യ സംസ്കരണത്തിനായി ഒരു മെഷീന് നല്‍കുകയും ശുചിത്വമിഷന് നോഡല്‍ ഓഫീസര്‍ ആയിരുന്ന ശാരദ മുരളീധരന് അഭിനന്ദിക്കുകയും യന്ത്രത്തിന്റെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ യന്ത്രവത്കരണപദ്ധതിയായ സ്മാം പദ്ധതിയിലൂടെ തുഛ്ചമായ സബ്സിഡിയിൽ തന്റെ യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ജോഷി ജോസഫ്.