തൊടുപുഴ: നടത്തിപ്പുകാരൻ മുങ്ങിയതോടെ മുതലക്കോടത്തെ വൃദ്ധസദനം അന്തേവാസികൾ ദുരിതത്തിലായ സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പിൽ ഗുരുതരമായ ചട്ടലംഘനങ്ങളുള്ളതായി പരിശോധനയിൽ വ്യക്തമായി. ഓർഫനേജ് കണ്ട്രോൾ ബോർഡിന്റ ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെയാണ് എൽഡർ ഗാർഡൻ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി.
പരാതിയെത്തുടർന്ന് നേരത്തേ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സാമൂഹ്യ നീതി വകുപ്പ് അടച്ചുപൂട്ടിയ സ്ഥാപനമാണ് വീണ്ടും അനധികൃതമായി തുറന്ന് പ്രവർത്തിച്ചിരുന്നത്. ഇവിടെ അന്തേവാസിയായി പ്രവേശിപ്പിച്ച ഒരാളുടെ രക്ഷിതാക്കൾ പണം തട്ടിയെടുത്തതായി കാണിച്ച് ഇന്നലെ പോലീസിൽ രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. സ്ഥാപന ഉടമ ജീവൻ തോമസിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
പരിചരണത്തിനായി മുൻകൂറായി നൽകിയ പണവുമായാണ് നടത്തിപ്പുകാരൻ മുങ്ങിയത്. ഇതോടെ അന്തേവാസികളുടെ ഭക്ഷണവും മരുന്നും മുടങ്ങി. പരസ്യം കണ്ടാണ് വാർധക്യകാല പരിചരണത്തിനായി പലരും സ്വകാര്യ വൃദ്ധസദനത്തിന് പണം നൽകിയിത്. ചിലരെ നടത്തിപ്പുകാർ നേരിട്ട് സമീപിച്ചാണ് ഇവരെ സ്ഥാപനത്തിലെത്തിച്ചത്.
കോഴിക്കോട് സ്വദേശിയായ വി.പി. കൊച്ചാഗസ്തി (84) ഇവിടെയെത്തിയത് വാർധക്യകാലത്ത് മെച്ചപ്പെട്ട താമസവും പരിചരണവും ചികിത്സയും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ജോലിയിൽനിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുകയാണ് സ്ഥാപനത്തിന് നൽകിയത്. വൃദ്ധസദനത്തിലെത്തിയ ആദ്യനാളുകളിൽ പ്രശ്നങ്ങളില്ലായിരുന്നെന്ന് ആഗസ്തി പറയുന്നു.
നടത്തിപ്പുകാരനായ ജീവൻ തോമസ് വിദേശത്തേക്ക് കടന്നതോടെ ചികിത്സയും പരിചരണവും മുടങ്ങി. പലതവണയായി കൊച്ചാഗസ്തിയുടെ കൈയിൽനിന്നു 11 ലക്ഷം രൂപയാണ് വാങ്ങിയത്. ഇതിനു പുറമേ മറ്റ് അന്തേവാസികളിൽനിന്നു ചെറുതും വലുതുമായ തുക ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. ചിലർ ഓരോ മാസവും പണം നൽകിയിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരെ പരിചരിക്കാനായി ഒരു ജീവനക്കാരി മാത്രമാണുള്ളത്. അവർക്കും മാസങ്ങളായി വേതനം ലഭിക്കുന്നില്ല. അടച്ചുറപ്പുള്ള ചുറ്റുമതിലും സുരക്ഷാ ജീവനക്കാരുമില്ല.
ഭക്ഷണം മുടങ്ങിയതോടെ സ്വന്തം കൈയിലുളള പണം മുടക്കിയാണ് പ്രായമായ അന്തേവാസികൾ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത്. എന്നാൽ സാന്പത്തികമായി തകർന്നതോടെ അയർലൻഡിലേക്ക് ജോലി അന്വേഷിച്ച് പോയെന്നും പണം കിട്ടുന്ന മുറയ്ക്ക് പ്രശ്നപരിഹാരം കാണുമെന്നുമാണ് ജീവൻ തോമസ് പറയുന്നത്.
അന്തേവാസിയായ കൊച്ചാഗസ്തി പോലീസിൽ വിളിച്ച് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാർ വൃദ്ധസദനത്തിലെത്തി അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്കും സാമൂഹ്യ നീതി വകുപ്പിനും റിപ്പോർട്ട് നൽകിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി.എ. ഷംനാദ്, സീനിയർ സൂപ്രണ്ട് എം.എൻ. ദീപു എന്നിവരും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.
മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിരുന്നില്ലെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ പറഞ്ഞു. സംഭവത്തിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ, ജില്ലാ കളക്ടർ, ഓർഫനേജ് കണ്ട്രോൾ ബോർഡ് എന്നിവർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.