38-ാമത് ദേശീയ ഗെയിംസിൽ അത്ലറ്റിക്സിലെ അവസാന മത്സരത്തിൽ സ്വർണ നേട്ടത്തോടെ കേരളം സൈനോഫ് ചെയ്തു. അവസാന ഇനമായ 4×400 മിക്സഡ് റിലേയിൽ കരുത്തരായ മഹാരാഷ്ട്രയെയും പഞ്ചാബിനെയും പിന്നിലാക്കിയാണ് കേരളം സ്വർണമണിഞ്ഞത്. ട്രാക്കിലും ഫീൽഡിലുമായി ഇന്നലെ അഞ്ച് ഇനങ്ങളിൽ മത്സരിച്ച കേരളത്തിനു ലഭിച്ച ഏക മെഡലാണിത്.
ജൂഡോയിൽ കേരളത്തിനായി പി.ആർ. അശ്വതി വെള്ളിയും ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ അമാനി ദിൽഷാദ് വെങ്കലവും നേടി.
അത്ലറ്റിക്സിൽ അവസാന ദിനം മെഡൽ പ്രതീക്ഷിച്ച ഇനങ്ങളിൽ കേരളം നിരാശപ്പെടുത്തിയപ്പോഴാണ് മികസ്ഡ് റിലേയിൽ അപ്രതീക്ഷിത സ്വർണമെത്തിയത്. 3:25.35 എന്ന സമയത്തിലായിരുന്നു കേരളത്തിന്റെ ഫിനിഷിംഗ്. ടി.എസ്. മനു തുടക്കത്തിൽ തന്നെ ലീഡ് നേടി. പിന്നാലെ ബാറ്റണ് സ്വീകരിച്ച സ്നേഹ മറിയം വിൽസൺ, ജെ. ബിജോയ് എന്നിവരും ലീഡ് നിലനിർത്തി. ആങ്കർ ലാപ്പിൽ മഹാരാഷ്ട്ര താരത്തിന്റെ വെല്ലുവിളി മറികടന്ന് അൻസ ബാബു ഫിനിഷിംഗ് ലൈൻ കടന്നതോടെ കേരളത്തിന്റെ അക്കൗണ്ടിൽ സ്വർണമെത്തി.
ഡെക്കാത്തലണിൽ എൻ. തൗഫീഖ് നേടിയ ഒറ്റ സ്വർണത്തിലൊതുങ്ങുമെന്ന് കരുതിയ കേരളത്തിന് മിക്സഡ് റിലേയിലെ നേട്ടം ആശ്വാസമായി. അത്ലറ്റിക്സിൽ രണ്ട് സ്വർണവും മൂന്നു വെള്ളിയും എട്ട് വെങ്കലവുമുൾപ്പെടെ 13 മെഡലാണ് കേരളത്തിലുള്ളത്. ഗോവയിൽ മൂന്നു സ്വർണവും നാലു വെള്ളിയും ആറു വെങ്കലവും അടക്കം 13 മെഡൽ ഉണ്ടായിരുന്നു.
ജൂഡോയിൽ ജോറായി
ജൂഡോ വനിതകളുടെ 78 കിലോ വിഭാഗത്തിൽ പി.ആർ. അശ്വതി കേരളത്തിനുവേണ്ടി വെള്ളി നേടി. കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിൽ വെങ്കലത്തോടെ തുടങ്ങിയതാണ് അശ്വതിയുടെ മെഡൽ വേട്ട. ഗുജറാത്ത് ഗെയിംസിൽ സ്വർണവും ഗോവയിൽ വെള്ളിയും നേടിയിരുന്നു. ഇന്നലെ വെള്ളി മെഡൽ ലഭിച്ചതോടെ പങ്കെടുത്ത എല്ലാ ദേശീയ ഗെയിംസിലും മെഡൽ നേടാനായതിന്റെ അഭിമാനത്തിലാണ് തൃശൂർ സ്വദേശിയായ അശ്വതി.
കഴിഞ്ഞ ജൂഡോ സീനിയർ നാഷണൽസിൽ സ്വർണ മെഡൽ നേട്ടക്കാരിയാണ്. രണ്ട് തവണ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച അശ്വതി, വേൾഡ് യൂണിവേഴ്സിറ്റി ജൂഡോ ചാന്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥയാണ്. തൃശൂർ സായിയിൽ ആർ. ശിവാനന്ദ്, സ്വാശ്വത് എന്നിവരുടെ കീഴിലാണ് പരിശീലനം.
അമാനിക്കു വെങ്കലം
ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വനിതാ വിഭാഗത്തിൽ കേരളത്തിന് കിട്ടുന്ന ആദ്യ മെഡലാണ് അമാനി ദിൽഷാദ് നേടിയത്. 9.733 പോയിന്റ് നേടിയാണ് അമാനിയുടെ വെങ്കലനേട്ടം. കഴിഞ്ഞ പത്ത് വർഷമായി അരുണ് കുമാർ ജയന്റെ കീഴിയാണ് പരിശീലനം. കഴിഞ്ഞ ദേശീയ ജിംനാസ്റ്റിക്സ് ചാന്പ്യൻഷിപ്പിൽ ഓൾ റൗണ്ട് വിഭാഗത്തിൽ അമാനി വെങ്കലം നേടിയിരുന്നു.
സിബിഎസ് സി സ്കൂൾ ചാന്പ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ അഞ്ച് സ്വർണം നേടിയ താരമാണ്.കണ്ണൂർ മാടായി അഹ്ലം വീട്ടിൽ ദിൽഷാദിന്റെയും റൈയ്ഹാനയുടെയും മകളാണ്. ഇന്ന് ഫ്ളോർ വിഭാഗത്തിൽ മത്സരിക്കും.
സർവീസസ് സർവാധിപത്യം
ഡെറാഡൂണ്: ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ സർവീസസിന്റെ സർവാധിപത്യം. ഗെയിംസ്, അക്വാട്ടിക്സ്, അത്ലറ്റിക്സ് ഇനങ്ങളിലെല്ലാം സർവീസസാണ് മുന്നിൽ. ഗോവൻ ദേശീയ ഗെയിംസിൽ കിരീടം കൈവിട്ടതിന്റെ കുറവ് ഇത്തവണ അവർ പരിഹരിച്ചു. ഇന്ന് മത്സരങ്ങൾ പൂർത്തിയാകാനിരിക്കെ 59 സ്വർണവും 23 വെള്ളിയും 22 വെങ്കലവുമായി 104 മെഡലുമായാണ് സർവീസസ് ഒന്നാമതുള്ളത്.
മത്സരങ്ങൾ ഇന്നു സമാപിക്കും
ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിച്ച 38-ാമത് ദേശീയ ഗെയിംസ് മത്സരങ്ങൾക്ക് ഇന്നു തിരശീല വീഴും. നാളെ ഹൽദ്വാനിയിലെ ഇന്ധിരാഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഔദ്യോഗിക സമാപന ചടങ്ങ്.
മത്സരങ്ങളുടെ അവസാന ദിനമായ ഇന്ന് മെഡൽ ലക്ഷ്യമിട്ട് ജിംനാസ്റ്റിക്സിലും കനോയിംഗ് കയാക്കിംഗിലും ഫെൻസിംഗിലും കേരളം ഇറങ്ങും. ജിംനാസ്റ്റിക്സിൽ അപ്പാരറ്റസ് മത്സരത്തിൽ അമാനി ദിൽഷാദ് കളത്തിലെത്തും.
കയാക്കിംഗിൽ കെ 4 ഇനത്തിൽ കേരളത്തിന്റെ വനിതാ പുരുഷ ടീമുകളും കെ 1ൽ ട്രീസയും മത്സരിക്കും. ഫെൻസിംഗിലും കേരളത്തിനു മത്സരമുണ്ട്.
- ഡെറാഡൂണിൽനിന്ന് അനിൽ തോമസ്