ന്യൂഡൽഹി: ജമ്മു കാഷ്മീർ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ പാക്കിസ്ഥാൻ സൈന്യം ഇന്നലെ ആക്രമണം നടത്തി. പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനത്തിനെതിരേ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയതായാണു റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാനു വൻ നാശനഷ്ടം സംഭവിച്ചതായും പാക്ക് സൈനികർ മരിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാനു സംഭവിച്ച നഷ്ടങ്ങളുടെ വ്യാപ്തി അറിവായിട്ടില്ലെന്നും ശത്രുസൈന്യത്തിനു വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മു ജില്ലയിലെ അഖ്നുർ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം തീവ്രവാദികൾ നടത്തിയ സ്ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർക്കു വീരമൃത്യു സംഭവിച്ചതിനു തൊട്ടുപിന്നാലെയാണ് കൃഷ്ണ ഘാട്ടി സെക്ടറിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. 2021 ഫെബ്രുവരി 25ന് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയശേഷം നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനം വളരെ അപൂർവമായിരുന്നു.