തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണമെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ശശി തരൂർ എംപി. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും തരൂർ വ്യക്തമാക്കി.
ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നത്.
കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം. അതിൽ രാഷ്ട്രീയ താല്പര്യം നോക്കരുത്. ഇതാണ് തന്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്.
ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നു. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിംഗ് അല്ലെന്നും ദേശീയ റാങ്കിംഗ് ആണെന്നും ശശി തരൂര്‍ പറഞ്ഞു.
നേരത്തെ സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാട്ടി തരൂർ ദിനപത്രത്തിൽ ലേഖനമെഴുതിയിരുന്നു. കൂടാതെ മോദിയുടെയും ട്രംപിന്റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും വ്യാപാര മേഖലയില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍ക്കാരുകള്‍ നല്ലതു ചെയ്താൽ അംഗീകരിക്കണം: വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം, അതിൽ രാഷ്ട്രീയ താല്പര്യം നോക്കരുത്; നിലപാടിലുറച്ച് തരൂർ
