ഒരോ ദിവസവും തള്ളി നീക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ സഹിക്കണം. ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സഹിച്ചാണ് നമ്മൾ എല്ലാവരും ജീവിതം ഒരു കരയ്ക്കടുപ്പിക്കാൻ നോക്കുന്നത്. അത് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലാകുന്നത്. ഡൽഹിയിലെ ഓട്ടോ ഡ്രൈവറായ നീലം എന്ന യുവതിയെ കുറിച്ചാണ് പോസ്റ്റ്. ‘യാത്രക്കാരുടെ സീറ്റിലിരിക്കാൻ തയാറല്ലാത്ത സ്ത്രീ’ എന്നാണ് പോസ്റ്റിട്ടിരിക്കുന്ന സ്ത്രീ നീലത്തെ വിശേഷിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം…
വീട്ടിലേക്കുള്ള തന്റെ യാത്രയിലാണ് താൻ അവരെ കണ്ടുമുട്ടിയത്. വെറുമൊരു റൈഡ് എന്നതിനപ്പുറം അത് പറയുന്നത് കരുത്തിന്റെ കഥയാണ്. മെട്രോയിൽ നിന്നിറങ്ങി ഒരു ഓട്ടോയ്ക്ക് വേണ്ടി പരതുമ്പോഴാണ് ഞാൻ അവരെ കണ്ടത്. അവരെനിക്ക് ഒരു റൈഡ് ഓഫർ ചെയ്തു. ആദ്യം ഞാനൊന്ന് മടിച്ചു. ഒരു വനിതാ ഓട്ടോ ഡ്രൈവർ, അപൂർവം അപ്രതീക്ഷിതം. എന്നാൽ, അവർക്കെന്തോ പ്രത്യേകതയുള്ളതായി തോന്നി, സ്ട്രോംഗാണ് സേഫാണ് എന്ന തോന്നലുണ്ടായി. അങ്ങനെ, താൻ ആ ഓട്ടോയിൽ കയറി.
കുറച്ച് ദൂരം പോയ്ക്കൊണ്ടിരുന്നപ്പോൾ എനിക്ക് അവരോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല, എന്തുകൊണ്ടാണ് നിങ്ങളിത് തെരഞ്ഞെടുത്തത് എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പുഞ്ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി. വേദനയും ശക്തിയും ഒരുപോലെ ആ ചിരിയിൽ അടങ്ങിയിരുന്നു. എനിക്ക് മറ്റ് വഴിയില്ലായിരുന്നു. എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നെ തകർക്കാൻ ശ്രമിച്ചു. എന്റെ ഭർത്താവ് എന്നെ നിശബ്ദയാക്കാൻ ശ്രമിച്ചു. എന്നാൽ, ഞാൻ തിരികെ പോരാടാൻ തന്നെ തീരുമാനിച്ചു എന്നവൾ പറഞ്ഞു.
അവരുടെ ഓരോ ഓട്ടവും ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിലെത്താനുള്ളതല്ല, അത് ഒരു കാര്യം തെളിയിക്കാനുള്ളതാണ്. അവളുടെ ജീവിതം വീണ്ടെടുക്കാൻ വേണ്ടിയുള്ളതാണ്. അവളുടെ മകൾക്ക് വേണ്ടി ഒന്നും പേടിക്കാനില്ലാത്ത ഒരു ഭാവിജീവിതം കെട്ടിപ്പടുക്കാനുള്ളതാണ്. നീലം ഓടിക്കുന്നത് ഒരു ഓട്ടോ മാത്രമല്ല, അവൾ മാറ്റത്തിലേക്കാണ് സഞ്ചരിക്കുന്നത്.’ എന്ന കുറിപ്പോടെയാണ് യുവതിയുടെ പോസ്റ്റ്.