പത്തനംതിട്ട: സ്പീക്കറും ആരോഗ്യമന്ത്രിയും പങ്കെടുത്ത പരിപാടിയില്‍ അതിരുവിട്ടുവെന്ന് ആരോപിച്ച് അവതാരകനെ സിപിഎം ഏരിയാ സെക്രട്ടറി കൈയേറ്റം ചെയ്ത സംഭവത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരെന്ന് യുഡിഎഫ്.
കഴിഞ്ഞദിവസം പത്തനംതിട്ട നഗരചത്വരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സമാപിച്ചതിനു പിന്നാലെയാണ് അവതാരകന് ബിനു കെ. സാമിനെ സിപിഎം ഏരിയാ സെക്രട്ടറി മര്‍ദിച്ചത്.
പരിപാടി കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പോയതിനു പിന്നാലെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടുകയും അവതാരകനായ അധ്യാപകന് ബിനു കെ. സാമിനെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ഏരിയാ സെക്രട്ടറി എം.വി. സഞ്ജുവാണ് അവതാരകന്റെ തലയ്ക്കു പിടിച്ച് മര്‍ദിച്ചത്.
സ്പീക്കര്‍ എ.എന്‍. ഷംസീറാണ് നഗരചത്വരം നാടിന് സമര്‍പ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജും പങ്കെടുത്തിരുന്നു. നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈനായിരുന്നു അധ്യക്ഷന്‍.
ഉദ്ഘാടകനായ സ്പീക്കര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കൂടുതല്‍ സമയമെടുത്ത് മുഖവുര നല്‍കിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും ആരോപിച്ചാണ് മര്‍ദനം നടന്നത്.
വിവരമറിഞ്ഞെത്തിയ നഗരസഭാ ചെയര്മാന് സക്കീര്‍ ഹുസൈന് അവതാരകനെ സംഘത്തിനിടയില്നിന്നു രക്ഷപ്പെടുത്തി വിടുകയായിരുന്നു. കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ നേതാവായ ബിനു കെ. പത്തനംതിട്ട നഗരത്തിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകനാണ്.