ലുധിയാന (പഞ്ചാബ്): പഞ്ചാബിൽ കവർച്ചാശ്രമത്തിനിടെ ആംആദ്മി പാർട്ടി നേതാവിന്റെ ഭാര്യയെ കൊള്ളസംഘം കൊലപ്പെടുത്തി. ലുധിയാനയിലെ റൂർക്ക ഗ്രാമത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം.
ആംആദ്മി നേതാവ് അനോഖ് മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ ആണ് മരിച്ചത്. ലുധിയാന-മലേർകോട്ല റോഡിലെ ഹോട്ടലിൽനിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും കവർച്ചക്കാർ കാർ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ലിപ്സി മിത്തൽ (33) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടക്കുകയാണ്.