നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനായെത്തിയ ഡാകു മഹാരാജിലെ ‘ഡബിഡി ഡിബിഡി’ ഗാനം സൈബർ ലോകത്ത് വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നു. അനുചിതവും സ്ത്രീകളെ അപമാനിക്കുംവിധത്തിലുമുള്ള ചുവടുകളാണ് പാട്ടിൽ ബാലയ്യ അവതരിപ്പിച്ചതെന്ന തരത്തിൽ വിമർശനം ശക്തമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാട്ടിൽ ബാലയ്യയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം ഉര്‍വശി റൗട്ടേല.
ആളുകൾ വിമർശിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും പാട്ടിനെ പ്രേക്ഷകർക്ക് പോസിറ്റീവ് ആയി കാണാമായിരുന്നുവെന്നും നടി പറഞ്ഞു. ഡാന്‍സ് റിഹേഴ്സല്‍ ചെയ്തപ്പോള്‍ മോശമായൊന്നും തോന്നിയില്ല. അതിന്റെ ദൃശ്യങ്ങൾ കണ്ടാൽ എല്ലാവർക്കും ഇതു തന്നെയായിരിക്കും അഭിപ്രായം. സാധാരണ ഒരു ഗാനത്തിന് നൃത്തസംവിധാനം ചെയ്യുന്നതു പോലെ ആയിരുന്നു ഈ പാട്ടിനു വേണ്ടിയും ചെയ്തത്.
ഞാനിത് നാലാം തവണയാണ് ശേഖര്‍ മാസ്റ്ററിനൊപ്പം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അസാധാരണമായി എന്തെങ്കിലും ചെയ്യുന്നത് പോലെ തോന്നിയില്ല. എല്ലാം നന്നായി തന്നെ നടന്നു. പക്ഷേ പിന്നീട് എന്താണ് സംഭവിച്ചതെന്നോ ആളുകള്‍ എന്തുകൊണ്ടാണ് പാട്ട് കണ്ട് ഇങ്ങനെ പ്രതികരിച്ചതെന്നോ അറിയില്ല.
ഇത്തരം നെഗറ്റീവ് പ്രതികരണങ്ങൾ തികച്ചും അപ്രതീക്ഷിതമാണ്. പ്രേക്ഷകർ പാട്ടിനെ ഇങ്ങനെ കാണുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. സംവിധായകനെ വിശ്വസിച്ച് മാത്രമാണ് ഞാന്‍ ഒരോ സിനിമയ്ക്കും വേണ്ടി കരാർ ഒപ്പിടുന്നത്. ഒപ്പ് വച്ച് കഴിഞ്ഞാല്‍ സംവിധായകന്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യാന്‍ പാടില്ല. അതാണ് എന്റെ നിലപാട്.
എന്റെ വ്യക്തിത്വവും പ്രഫഷനലിസവും രണ്ടായിത്തന്നെയാണ് ഞാൻ ആദ്യം മുതൽ കൊണ്ടുനടക്കുന്നത്. ജോലി ചെയ്തതിന്റെ പേരിൽ എന്ത് വിമർശനം നേരിടേണ്ടി വന്നാലും അത് ജോലിയോടുള്ള എന്റെ ഇഷ്ടവും ആഗ്രഹവും ഇല്ലാതാക്കില്ല. ഒരു കലാകാരിയെന്ന നിലയിൽ ക്രിയാത്മകമായ വിമർശനങ്ങളെ ഞാൻ എപ്പോഴും സ്വീകരിക്കുകയും എന്റെ ജോലിയിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു ഉര്‍വശി റൗട്ടേല പറഞ്ഞു.