തിരുവനന്തപുരം: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരേ കുറ്റപത്രം തയാറായി. നടിയെ ബലാത്സംഗം ചെയ്തതിനു വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. 2016ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപാണ് സിദ്ദിഖിനെതിരേ നടി ആരോപണവുമായി രംഗത്തുവരികയും പോലീസിൽ പരാതി നൽകുകയും ചെയ്തത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
മസ്ക്കറ്റ് ഹോട്ടലിലെ മുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് നടി മൊഴി നൽകിയത്. ഹോട്ടലിലെ രജിസ്റ്ററും ജീവനക്കാരുടെ മൊഴിയും പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ബലാത്സംഗം നടന്നതിനു ശേഷം നടി ചികിത്സ തേടിയ ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കുശേഷം നൽകിയ പരാതി വ്യാജമാണെന്നായിരുന്നു സിദ്ദിഖിന്റെ വാദം.
ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചാണ് സിദ്ദിഖ് മുൻകൂർ ജാമ്യം നേടിയത്. ക്രൈംബ്രാഞ്ച് സംഘം തയാറാക്കിയ കുറ്റപത്രം ക്രൈംബ്രാഞ്ച് മേധാവിയുടെ അന്തിമ അനുമതിക്കുശേഷം കോടതിയിൽ സമീപിക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.