കുഞ്ഞുങ്ങൾ ഉണ്ടായി കഴിഞ്ഞാൽ പേരിടുന്നതിനാകും മിക്ക ദന്പതികളും തമ്മിൽ തർക്കം. ഭർത്താവ് പറയുന്ന പേര് ഭാര്യയും ഭാര്യ പറയുന്ന പേര് ഭർത്താവും അംഗീകരിക്കില്ല. അങ്ങനെ ഒരു അവസ്ഥ വിവാഹ മോചനത്തിലേക്ക് കൊണ്ടെത്തിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ് ചൈനയിൽ.
ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷാവോ എന്ന വ്യക്തിയാണ് കുടുംബ പേര് തർക്കത്തിൽ ഭാര്യ ജീയെ വിവാഹ മോചനം ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്.
മൂത്തമകൾക്ക് ഷാവോയുടെ കുടുംബ പേരാണ് നൽകിയത്. രണ്ടാമത്തെ കുട്ടിക്ക് ജീ തന്റെ കുടുംബ പേര് ചേർത്തു. ഇത് ഷാവോയെ ചൊടിപ്പിച്ചു. ഇതിനെച്ചൊല്ലി രണ്ടുപേരും പരസ്പരം വഴക്കിട്ടു. അത് പിന്നീട് വിവാഹ മോചനത്തിലേക്ക് കൊണ്ടെത്തിച്ചു.
വിവാഹ മോചന സമയത്ത് മകളുടെ സംരക്ഷണാവകാശം തനിക്ക് വേണമെന്നും മകന്റെ സംരക്ഷണ അവകാശം വിട്ടുകൊടുക്കാൻ തയാറാണെന്നും ഷാവോ കോടതി അറിയിച്ചു. എന്നാൽ, തനിക്ക് രണ്ട് മക്കളുടെയും സംരക്ഷണാവകാശം വേണമെന്ന് ജീ കോടതിയിൽ വാദിച്ചു. ഒടുവില്‍ കോടതി ജിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.