ഒട്ടാവ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ ലാന്‍ഡിംഗിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 19 യാത്രക്കാർക്കു പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഇന്നെല ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം.
കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികനിഗമനം. റൺവേ മഞ്ഞുമൂടിയനിലയിലായിരുന്നു. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
60 വയസായ ഒരു പുരുഷന്റെയും 40 വയസുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്നാണു റിപ്പോർട്ട്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചെങ്കിലും പിന്നീടു പ്രവർത്തനം പുനഃരാരംഭിച്ചു.