തിരുവനന്തപുരം: പ്രേംനസീറുമായുള്ള അഭിനയജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വച്ച് നടി ഷീല. സിനിമയെ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന മഹാനായ വ്യക്തിയായിരുന്നു പ്രേംനസീറെന്ന് ഷീല അഭിപ്രായപ്പെട്ടു. താനുമായിട്ടായിരുന്നു ഏറ്റവും കുടുതൽ കാലം ഒരുമിച്ച് അഭിനയിച്ചിരുന്നത്.
ഒരു ദിവസം ചുരുങ്ങിയത് മൂന്ന് സിനിമകളുടെ ഷൂട്ടീംഗ് ഉണ്ടാകുമായിരുന്നു. രാവിലെയുള്ള ഷൂട്ടിംഗിൽ അദ്ദേഹത്തിന്റെ ഭാര്യയായും ഉച്ചയ്ക്ക് കാമുകിയായും രാത്രിയിൽ സഹോദരിയായും വ്യത്യസ്ത വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.
രാവിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വരുന്പോൾ ഇന്ന് ഷീല തന്റെ ആരായിട്ടാണ് അഭിനയിക്കുന്നതെന്ന് തമാശ രൂപേണ ചോദിക്കുമായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ താൻ വിദേശത്തായിരുന്നു. മരിച്ച് കിടക്കുന്ന മുഖം കാണുന്നത് തന്റെ മനസിന് താങ്ങാൻ കഴിയില്ലായിരുന്നു. അത് കൊണ്ട് അവസാനമായി കാണാൻ എത്തിയില്ലെന്നും ഷീല അനുസ്മരിച്ചു.
പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴ് ശാർക്കര മൈതാനിയിൽ പ്രേംനസീർ അനുസ്മരണകമ്മിറ്റിയും പൗരാവലിയും സംഘടിപ്പിച്ച പ്രേംനസീർ സ്മൃതിസായാഹ്നത്തിൽ വച്ച് നടന്ന അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷീല. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ സ്മൃതിസായാഹ്നവും അവാർഡ്ദാനവും നിർവഹിച്ചു.
ഈ ലോകത്തിൽ വച്ച് താൻ ഏറ്റവും കുടുതൽ സ്നേഹിക്കുന്നത് തന്റെ മകനെയാണ്. രണ്ടാമത് പ്രേംനസീറിന്റെ പേരിലുള്ള ഈ അവാർഡിനെയും അമൂല്യമായി കാണുന്നുവെന്ന് ഷീല മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. സംഘാടകസമിതി ചെയർമാൻ ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു.
അടൂർ പ്രകാശ് എംപി, വി.ശശി എംഎൽഎ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് വാഹിദ്, ന്യൂ രാജസ്ഥാൻ മാർബിൾസ് എംഡി. വിഷ്ണുഭക്തൻ,ഭാസുരചന്ദ്രൻ, പുതുക്കരി പ്രസന്നൻ, മനോജ് ബി ഇടമന എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സംഘാടകസമിതി ജനറൽ കണ്വീനർ അഡ്വ. എസ്.വി. അനിലാൽ സ്വാഗതവും അഡ്വ. ചിറയിൻകീഴ് ബാബു കൃതജ്ഞതയും പറഞ്ഞു.