മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി യുവതിയുടെ വീട്ടുകാര്‍. പെരിന്തല്‍മണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതില്‍ റിംഷാനയെ ഇവര്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ ജനുവരി അഞ്ചിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
രണ്ടാമതും റിംഷാന പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ ശാരീരിക-മാനസിക പീഡനങ്ങള്‍ വര്‍ധിച്ചുവെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അമ്മ സുഹറ ആവശ്യപ്പെട്ടു. ഏഴും അഞ്ചും വയസുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ് റിംഷാന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നും അമ്മ ആരോപിക്കുന്നു.
റിംഷാനയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. 2016ലായിരുന്നു റിംഷാനയും മുസ്തഫയും വിവാഹിതയായത്. മുമ്പ് റിംഷാന വിവാഹമോചനത്തിന് ശ്രമം നടത്തിയിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിലടക്കം ഭര്‍ത്താവ് റിംഷാനയെ ഉപദ്രവിച്ചിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മുന്‍പ് ശാരീരിക പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവിനെതിരേ റിംഷാന പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു. ഇടയ്ക്ക് ഇവര്‍ അകന്നു താമസിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്ക്കൊടുവില്‍ വീണ്ടും ഒന്നിച്ചു ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്.