വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം. മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാർപാപ്പയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.
രക്തപരിശോധനയിൽ അണുബാധയുമായി ബന്ധപ്പെട്ട ഇൻഫ്ലമേഷൻ സൂചികയിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. മാർപാപ്പ പരിശുദ്ധ കുർബാന സ്വീകരിച്ചെന്നും പിന്നീട് തന്റെ കർത്തവ്യങ്ങളിൽ മുഴുകിയെന്നും അറിയിപ്പിൽ പറയുന്നു.
ശ്വാസസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് കഴിഞ്ഞ 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചു.