ഭാവ്നഗർ (ഗുജറാത്ത്): വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് അത്ര പുതുമയുള്ള കാര്യമല്ല. വനാതിർത്തികളിലാണ് ഇതേറെയും സംഭവിക്കുന്നത്. എന്നാൽ, ഗുജറാത്തിൽ കഴിഞ്ഞദിവസം ഒരു വന്യമൃഗത്തെ കണ്ടത് തിരക്കേറിയ ഭാവ്നഗർ-സോമനാഥ് ഹൈവേയിലാണ്. അതും വനത്തിലെ രാജാവായ വന്പനൊരു സിംഹം.
ഹൈവേയിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതിനിടെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട സിംഹം യാതൊരു കൂസലുമില്ലാതെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഗുജറാത്തിലെ അമ്രേലി ജില്ലയില്‍നിന്നാണു വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ സിംഹം വളരെ ശാന്തനായാണു നടക്കുന്നത്. ഇടയ്ക്ക് ചെറിയ രീതിയില്‍ അലറുന്നതും കേൾക്കാം. സിംഹരാജനെ കണ്ട് വാഹനങ്ങൾ സഡൻബ്രേക്കിട്ടു നിർത്തി. പാത കടന്നു മറയുംവരെ ആരും അനങ്ങിയതുമില്ല. ഹൈവേയിലെ ആദ്യത്തെ റോഡ് കടന്നു രണ്ടാമത്തെ പാതയിലേക്കു കയറിയ സിംഹം സമീപത്തെ ആളൊഴിഞ്ഞ ക്ഷേത്രത്തിനടുത്തേക്കു നടന്നുപോയത്.
മൃഗരാജന്റെ എഴുന്നള്ളത്തു കാരണം 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടെന്നു മാധ്യമ റിപ്പോര്‍ട്ടുകളിൽ പറയുന്നു. 1990ൽ ഗുജറാത്തിലെ ഗിർ വനത്തില്‍ ഉണ്ടായിരുന്ന 284 സിംഹങ്ങളുടെ എണ്ണം 2020ൽ 674 ആയി ഉയര്‍ന്നിരുന്നു. കാട്ടില്‍ ഇര കുറഞ്ഞതാണ് ഇവ നാട്ടിലിറങ്ങാൻ കാരണം.