കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജ് ഹോസ്റ്റലില്‍ ആറ് ജൂണിയര്‍ വിദ്യാര്‍ഥികളെ കുത്തിക്കീറി മുറിവേല്‍പ്പിച്ച റാഗിംഗ് കേസില്‍ പ്രതികളായ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ ജുഡീഷല്‍ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു.
അതിക്രൂരപീഡനങ്ങൾ അരങ്ങേറിയ ഹോസ്റ്റല്‍ മുറികളില്‍ പ്രതികളെ എത്തിച്ച് ഇന്നലെ വൈകുന്നേരം തെളിവെടുപ്പ് നടത്തി. രണ്ടു ദിവസത്തെ കസ്റ്റഡികാലയളവിനുശേഷം അഞ്ചു പ്രതികളെയും ഇന്നലെ വൈകുന്നേരം കോട്ടയം സബ് ജയിലില്‍ തിരികെയെത്തിച്ചു.
സിപിഎം അനുകൂല വിദ്യാർഥി സംഘടനകളുടെ ഭാരവാഹികളായ പ്രതികളുടെ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേതാക്കളുടെ ഇടപെടലില്‍ പോലീസ് രഹസ്യമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കു പ്രവേശനം നല്‍കുകയോ, കുറ്റസമ്മതം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നായിരുന്നു ഉന്നതതല നിര്‍ദേശം.
പോലീസ് ആദ്യം തയാറാക്കിയ എഫ്ഐആറിലെ ഗുരുതര വീഴ്ചകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായാണ് ഗാന്ധിനഗര്‍ പോലീസ് പറയുന്നത്. പാര്‍ട്ടി ഇടപെടലില്‍ തുടക്കം മുതല്‍ കേസ് ദുര്‍ബലമാക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമമാണുണ്ടായത്.
നഴ്സിംഗ് കൗണ്‍സില്‍ തുടര്‍പഠനം റദ്ദാക്കിയ നടപടിയില്‍ പുനഃപരിശോധയും മറ്റു സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കാനുമുള്ള ആലോചനകളും രാഷ്ട്രീയതലത്തില്‍ നടക്കുന്നതായാണ് സൂചന. പ്രതികള്‍ക്കു ജാമ്യം ലഭിക്കാനുള്ള നീക്കങ്ങള്‍ രാഷ്ട്രീയതലത്തില്‍ നടക്കുന്നതായാണ് റിപ്പോർട്ട്.