കൊല്ലം: ഒരുവർഷം കാലാവധിയുള്ള കുപ്പിക്കള്ള് വിപണിയിൽ ഇറക്കാൻ കേരള ടോഡി ബോർഡ് നീക്കം തുടങ്ങി. ബിയർ കുപ്പി മാതൃകയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനാണ് പദ്ധതി. ഇതുവഴി കള്ള് വില്പനയുടെ വ്യാപ്തി വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നുമാണ് കണക്കുകൂട്ടൽ.
നിലവിൽ ലഭ്യമായ കുപ്പിക്കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. അത് കഴിഞ്ഞാൽ ഭക്ഷ്യയോഗ്യമല്ലാതായി മാറും. ഇതിനുപകരം തനതായ മണത്തിലും രുചിയിലും വീര്യത്തിലും ഒട്ടും വിട്ടുവീഴ്ചചെയ്യാതെ 12 മാസം വരെ കേടു കൂടാതിരിക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ടോഡി ബോർഡ് തീരുമാനിച്ചിട്ടുള്ളത്.
ബിയർ കുപ്പി മാതൃകയിൽ വിവിധ അളവുകളിൽ കള്ള് നൽകും. കള്ള് ഷാപ്പുകളിൽ മാത്രമായിരിക്കില്ല വില്പന. വാണിജ്യ വിപണികളിൽ കൂടി കുപ്പിക്കള്ള് ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ബോർഡ് ആലോചിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രത്യേകം ഔട്ട് ലെറ്റുകൾ തുറന്ന് വിപണിയിൽ തരംഗമായി മാറാനുള്ള ലക്ഷ്യവും ബോർഡിനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നയത്തിന് അനുസൃതമായിട്ടായിരിക്കും ബോർഡ് തീരുമാനം എടുക്കുക.
കളമശേരിയിലെ കിൻഫ്ര ബയോ ടെക്നോളജി ഇൻകുബേഷൻ സെന്ററിലെ സ്കോപ്പ് ഫുൾ ബയോ റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം കുപ്പിക്കള്ള് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടോഡി ബോർഡ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് രുചിയും ഗുണമേന്മയും ഉറപ്പാക്കി കഴിഞ്ഞു. മധുരക്കള്ളിന്റെ തനതായ രുചിക്ക് അൽപ്പം പോലും വ്യത്യാസം ഇല്ലാതെയാണ് ഇവ നിർമിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാരുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും ഇവ വിപണിയിൽ ഇറക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. സ്വകാര്യ ഏജൻസികൾ വഴി വിതരണം ചെയ്യുന്ന കാര്യവും ബോർഡിന്റെ പരിഗണനയിലുണ്ട്.
- എസ്.ആർ. സുധീർ കുമാർ