പത്തനംതിട്ട: കടയിൽ വരുന്നവരോടു മദ്യപിക്കാൻ പണം ചോദിച്ചത് തടഞ്ഞതിന്, കടനടത്തുന്ന സ്ത്രീയെയും ഭർത്താവിനെയും കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി.
മൈലപ്ര ചീങ്കൽതടം കറ്റാടി പൂവണ്ണത്തിൽ പി. ജി. അനിലാണ് (51) അറസ്റ്റിലായത്. ഇയാൾ പത്തനംതിട്ട പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കൂടി പ്രതിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മൈലപ്ര സ്വദേശിനിയാണ് പരാതിക്കാരി.
ഇവരും ഭർത്താവും നടത്തുന്ന ബേക്കറിയോട് ചേർന്നുള്ള പച്ചക്കറികടയിൽ വരുന്നവരോടു പ്രതി മദ്യപിക്കാൻ പണം ചോദിക്കുന്നത് തടഞ്ഞതിലുള്ള വിരോധം കാരണമാണ് അതിക്രമം കാട്ടിയത്. ബുധനാഴ് ഉച്ചഴിഞ്ഞാണ് രണ്ടിനായിരുന്നു സംഭവം.
നാരങ്ങാവെള്ളം എടുത്തു കൊണ്ടിരുന്ന സ്ത്രീയെ അസഭ്യം വിളിച്ചുകൊണ്ട് പ്രതി ദേഹത്ത് കയറി പിടിക്കുകയായിരുന്നു. തടസം പിടിച്ച ഭർത്താവിനെ ചീത്ത വിളിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു. കടയിൽ വന്നവരുടെയും ബസ് കയറാൻ നിന്നവരുടെയും മുന്നിലുള്ളതായിരുന്നു അതിക്രമം.
പരസ്യമായ അപമാനിക്കലിനും അതിക്രമത്തിനും വിധേയയായതിനേ തുടർന്ന് ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തി ഇവർ പരാതി നൽകി.
ഇവരുടെ മൊഴിപ്രകാരം പ്രതിക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക നടപടികൾക്ക് ശേഷം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ച പോലീസ് മണിക്കൂറുകൾക്കുള്ളിൽ മൈലപ്ര പഞ്ചായത്ത്പടിയിൽ നിന്നും കസ്റ്റഡിയിലെടുത്തു.