തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം തകർക്കാൻ സർക്കാർ നീക്കം നടത്തുന്നതായി സമരസമിതി നേതാക്കൾ. കഴിഞ്ഞ ദിവസം നടന്ന ആശാപ്രവർത്തകരുടെ സംഗമത്തിൽ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുകയാണെന്ന് ആശാപ്രവർത്തകർ ആരോപിച്ചു.
സമരത്തിൽ പങ്കെടുക്കുന്നവരെ ഭയപ്പെടുത്താനും ഭീതിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. ജീവിക്കാനുള്ള സമരമാണ് തങ്ങൾ നടത്തുന്നതെന്നും സമരവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ പതിമൂന്ന് ദിവസമായി സമരം നടക്കുന്നത്. ഓണറേറിയം തുക കൂട്ടുക, കുടിശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതായി ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. മൂന്നുമാസത്തെ ഓണറേറിയം അനുവദിച്ചു. എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വർക്കർമാര്‍ വ്യക്തമാക്കുകയായിരുന്നു.