കൊല്ലം: ലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നുകളും കഴിക്കുന്നതടക്കം വിലക്കിയുള്ള ” അസാധാരണ സർക്കുലർ ” പിൻവലിച്ച് റെയിൽവേ അധികൃതർ തടിയൂരി.നിർദേശം പിൻവലിച്ചതിന്റെ കാരണം എന്താണെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുമില്ല.
ബ്രത്ത് അനലൈസർ ടെസ്റ്റുമായി ബന്ധപ്പെട്ട് 18-ന് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കുന്നു എന്ന് മാത്രമാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഇലക്ട്രിക്കൽ/ ഓപ്പറേഷൻസ് വിഭാഗത്തിൻ്റെ അറിയിപ്പിൽ പറയുന്നത്.
വിചിത്രവും പരിഹാസ്യവും കേട്ടുകേൾവി പോലും ഇല്ലാത്തതായ റെയിൽവേയുടെ ഈ സർക്കുലറിനെതിരേ വ്യാപകമായ പ്രതിഷേധം ലോക്കോ പൈലറ്റുമാർ ഉയർത്തുകയുണ്ടായി.
സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ അധികൃതർക്ക് രേഖാമൂലം കത്ത് നൽകുകയും ചെയ്തു.
മാത്രമല്ല റെയിൽവേയുടെ ഈ നിർദേശത്തിന് എതിരേ സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രചാരണം ഉണ്ടായി. ഈ സാഹചര്യത്തിലാണ് നിർദേശം അടിയന്തിരമായി പിൻവലിക്കാൻ റെയിൽവേ നിർബന്ധിതമായത്.