നടക്കാന്‍ സാധിക്കാത്ത തരത്തില്‍ വൈകല്യമുള്ളവര്‍ക്ക് ഇനി റോബോട്ടിക് സഹായത്തോടെ നടക്കാം. ഫിസിക്കല്‍ മെഡിസിന്, റീഹാബിലിറ്റേഷന്‍ രീതികളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഉത്പന്നത്തിന്റെ പിറവി കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍നിന്നുള്ള ഒരുകൂട്ടം സംരംഭകരില്‍നിന്നാണ്. സ്വന്തം കാലുകളില്‍ നടക്കാനാകാത്തവര്‍ക്ക് റോബോട്ടിക് സഹായത്തോടെയുള്ള നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് ആസ്ട്രെക് ഇന്നോവേഷന്‍സ്.
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഭാഗമായി ഗ്രാന്റ് ഹയാത്തില്‍ ഒരുക്കിയിട്ടുള്ള പ്രദർശന സ്റ്റാളിലാണ് ‘യുണിക് എക്സോസ്യൂട്ട്’ എന്ന യന്ത്രം അവതരിപ്പിച്ചിട്ടുള്ളത്. ജിതിന് വിദ്യ അജിത്ത്, റോബിന് തോമസ്, വിഷ്ണു ശങ്കര്‍, അലക്സ് എം. സണ്ണി എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ ഈ സ്റ്റാര്‍ട്ടപ്പിന് ഇന്ന് ജപ്പാനിലും ഇന്‍കുബേഷന്‍ സെന്ററുണ്ട്.
അരയ്ക്കു താഴെ വൈകല്യമുള്ള നടക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികളുടെ ചലനം സാധ്യമാക്കുന്നതിന് ‘യുണിക് എക്സോസ്യൂട്ട്’ ശ്രേണിയാണ് ആസ്ട്രെക് ഇന്നോവേഷന്‍സ് മുന്നോട്ടുവയ്ക്കുന്നത്. മോട്ടറൈസ്ഡ് വെയറബിള്‍ റോബോട്ടായി രൂപകല്പന ചെയ്തിരിക്കുന്ന യുണിക് എക്സോസ്യൂട്ട് അവയവ വൈകല്യമുള്ള ആളുകള്‍ക്ക് വ്യായാമങ്ങളും നടത്ത പരിശീലനവും സുഗമമാക്കുന്നു.
വീട്ടിലും ഓഫീസിലുമൊക്കെ ഒരുപോലെ ഉപയോഗിക്കാനാകുമെന്നതാണു പ്രത്യേകത. ആളുകളുടെ ചലനശേഷി അറിഞ്ഞ് യുണിക് എക്സോസ്യൂട്ട് പ്രവര്‍ത്തിക്കും. ഉപയോക്താക്കളുടെ നിലവിലെ ആരോഗ്യസ്ഥിതിയും ചലനശേഷിയും എത്രയാണെന്ന് അളക്കാനും ഈ ഉപകരണത്തിനാകും.