മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന ജീവികളാണ് നായകൾ. സോഷ്യൽ മീഡിയയിൽ മനുഷ്യനും നായകളുമൊപ്പമുള്ള പല വീഡിയോകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ അകപ്പെട്ട നായയെ രക്ഷിക്കുന്ന വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
ബ്രസീലിലാണ് സംഭവം. ഒരു നായ ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ജനാലയിൽ തൂങ്ങിക്കിടക്കുന്നതാണ് വീഡിയോയുടെ തുടക്കം. അത്രയും ഉയരത്തിൽ നിന്നും വീണാൽ ചിലപ്പോൾ അതിന്റെ ജീവൻ തന്നെ അപകടത്തിലാകും.
നായ തൂങ്ങിക്കിടക്കുന്ന ജനലിന്റെ തൊട്ടുതാഴെയുള്ള നിലയിലെ ഒരു സ്ത്രീ അവരുടെ അപ്പാർട്മെന്റിലെ ജനാലയ്ക്കരികിൽ ഒരു കാർഡ്ബോർഡ് ബോക്സുമായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നായ എപ്പോൾ വേണമെങ്കിലും താഴേക്ക് വീഴാം എന്ന അവസ്ഥയിലാണ് ഉള്ളത്. ആ സമയത്ത് കൃത്യം നായ താഴേക്ക് വീഴുന്നു. യുവതി അതിനെ കൃത്യസമയത്ത് തന്റെ കൈയിൽ ഉണ്ടായിരുന്ന പെട്ടിയിൽ സുരക്ഷിതമായി അതിനെ പിടിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
അവൾ ബോക്സിൽ നിന്നും നായയെ കയ്യിലെടുക്കുന്നതും കാർഡ്ബോർഡ് ബോക്സ് താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. വീഡിയോ പെട്ടന്ന്തന്നെ വൈറലായി. നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരും യുവതിയുടെ ബുദ്ധിയേയും ധൈര്യത്തേയും പെട്ടെന്നുണ്ടായ ഇടപെടലിനേയും അഭിനന്ദിച്ചു.