കൊല്ലം: ഇന്ത്യൻ വിപണിയിൽ സ്വന്തമായി കട തുറന്ന് ചുവടുറപ്പിക്കാർ ഗൂഗിൾ തയാറെടുപ്പുകൾ ആരംഭിച്ചു. അമേരിക്കയ്ക്ക് പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപ്പന ശാല ഇന്ത്യയിലായിരിക്കും തുറക്കുക. ദക്ഷിണേന്ത്യൻ നഗരങ്ങൾ അടക്കം ഗൂഗിളിന്റെ പരിഗണനയിൽ ഉണ്ട്.
ഇതിന് മുന്നോടിയായി അമേരിക്കയിൽ നിന്നുള്ള ഗൂഗിളിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം അടുത്തിടെ ഇന്ത്യയിൽ എത്തുകയുണ്ടായി. വിപണി സാധ്യത സംബന്ധിച്ച വിശദമായ പഠനമായിരുന്നു അവരുടെ ലക്ഷ്യം. ന്യൂഡൽഹിയിലെയും മുംബൈയിലെയും പ്രമുഖ മാളുകൾ അടക്കം അവർ സന്ദർശിക്കുകയുണ്ടായി.
ആദ്യം ഡൽഹിയിലും മുംബൈയിലും ആയിരിക്കും സ്റ്റോറുകൾ തുറക്കുക. 15,000 ചതുരശ്ര അടിയിലുള്ളതായിരിക്കും ഗൂഗിൾ കടകൾ. ആറ് മാസത്തിനുള്ളിൽ ഇവ തുറക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഗൂഗിൾ. ഇവയുടെ പ്രവർത്തനം വിജയകരമാണെങ്കിൽ ബംഗളുരുവിലും ഗുരുഗ്രാമിലും കടകൾ തുറക്കാനും ഗൂഗിളിന് പദ്ധതിയുണ്ട്.
അമേരിക്കയിൽ ആകെ അഞ്ച് സ്റ്റോറുകൾ മാത്രമാണ് ഗൂഗിളിന് ഉള്ളത്. പിക്സൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർ ബഡ്സ് തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങൾ. എന്നാൽ ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ആപ്പിളിന്റെ മാതൃകയിൽ വിപണി ശൃംഖല വിപുലീകരിക്കാനാണ് ഗൂഗിളും പദ്ധതിയിടുന്നത്. ആപ്പിളിന് ലോകത്താകമാനം നിലവിൽ 500 സ്റ്റോറുകൾ ഉണ്ട്. അവരുമായി കടുത്ത മത്സരത്തിന് കളമൊരുക്കാൻ തന്നെയാണ് ഗൂഗിൾ തീരുമാനം.
നിലവിൽ ഗൂഗിൾ ഉത്പനങ്ങൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്നത് അംഗീകൃത റീട്ടയിൽ പാർട്ണർമാർ വഴിയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ്.
- എസ്.ആർ. സുധീർ കുമാർ