യുഎസ്: നാസയുടെ പ്രവചനങ്ങൾ പ്രകാരം 2025ൽ രണ്ട് സൂര്യഗ്രഹണങ്ങൾ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യത്തെ സൂര്യഗ്രഹണം മാർച്ച് 29നും രണ്ടാമത്തെ സൂര്യഗ്രഹണം സെപ്റ്റംബർ 21നും സംഭവിക്കും. ദക്ഷിണാർധഗോളത്തിൽ, പ്രത്യേകിച്ച് ഓസ്ട്രേലിയ, അന്റാർട്ടിക്ക, പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ചില ഭാഗങ്ങളിൽ ഇതു ദൃശ്യമാകും.
മാർച്ച് 29ന് സംഭവിക്കാനിരിക്കുന്ന ഭാഗിക സൂര്യഗ്രഹണം വടക്കൻ അർധഗോളത്തിന്റെ ചില ഭാഗങ്ങളിലാണു ദൃശ്യമാകുക. ചന്ദ്രന്റെ മധ്യനിഴൽ ഭൂമിയുടെ തെക്കുഭാഗത്തേക്കു കടന്നുപോകുന്നതിനാൽ ഗ്രഹണം പൂർണമാകില്ലെങ്കിലും അതു ഗണ്യമായ ജ്യോതിശാസ്ത്ര സംഭവമായിരിക്കുമെന്നു ഗവേഷകർ പറയുന്നു.
യൂറോപ്പിന്റെ ഭൂരിഭാഗവും ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടും. വടക്കേ അമേരിക്കയുടെ വിദൂര കിഴക്കൻ ഭാഗങ്ങളിലാണ് ഗ്രഹണം മികച്ചരീതിയിൽ കാണാൻ കഴിയുക. അനുകൂല കാലാവസ്ഥയെങ്കിൽ ഗ്രഹണത്തിൽ മങ്ങിയ സൂര്യനെ, ഉദയസമയത്ത് കിഴക്കൻ ചക്രവാളത്തിൽ ദർശിക്കാൻ കഴിയും. എന്നാൽ, ഭാഗികസൂര്യഗ്രഹണം ഇന്ത്യയിൽനിന്നു ദർശിക്കാൻ സാധിക്കില്ല.
സൂര്യഗ്രഹണം
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ പൂർണമായോ ഭാഗികമായോ നേർരേഖയിൽ വരും.
അവ എങ്ങനെ വിന്യസിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ച്, ഗ്രഹണങ്ങൾ സൂര്യന്റെയോ, ചന്ദ്രന്റെയോ സവിശേഷവും ആവേശകരവുമായ കാഴ്ച സമ്മാനിക്കുന്നു.
പൂർണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം, സങ്കര സൂര്യഗ്രഹണം എന്നിങ്ങനെ നാലുതരം സൂര്യഗ്രഹണമാണുള്ളത്.