തിരുവനന്തപുരം: കഞ്ചാവ് കേസിൽ യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്ത രണ്ടു ഉദ്യോഗസ്ഥരോട് ഹാജരാകാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി.കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോട് ഈ മാസം അവസാനം ഹാജരാകാനാണ് നിർദ്ദേശം നൽകിയത്.
മകനെതിരായ കഞ്ചാവ് കേസിൽ യു.പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ നേരത്തെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബർ 28 നാണ് യു.പ്രതിഭ എംഎൽഎയുടെ മകനും സുഹൃത്തുക്കൾക്കുമെതിരെ കുട്ടനാട് എക്സൈസ് കഞ്ചാവ് കേസെടുത്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. വാർത്തപുറത്ത് വന്നതോടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തിയിരുന്നു.