വളാഞ്ചേരി(മലപ്പുറം): പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന കാലിക്കട്ട് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ എംഎസ്എഫ്-എസ്എഫ്ഐ സംഘര്‍ഷം.
കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിലെ വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രീൻറൂമിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ടാണ് ഇന്ന് പുലര്‍ച്ചെ അക്രമം ഉണ്ടായത്. സ്കിറ്റ് മത്സരം നടക്കുന്ന വേദി നാലിൽ മത്സരത്തിന് തയാറെടുക്കുകയായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർഥികള്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.
സംഭവമറിഞ്ഞ് കാമ്പസിലെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദിൽ, സംസ്ഥാന കമ്മിറ്റി അംഗം എം. സുജിൻ എന്നിവരെ എംഎസ്എഫ് അക്രമിസംഘം കൈയേറ്റംചെയ്യാൻ ശ്രമിച്ചതായി ആരോപണമുണ്ട്.
എന്നാല്‍ എസ്എഫ്ഐ സംഘടിതമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നത്. സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.