മുന്‍പൊക്കെ ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടുന്നവരില്‍ മുന്നിലുണ്ടായിരുന്നത് ശതകോടീശ്വരന്മാരും ബിസിനസുകാരുമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കൂടിയ കാറുകള്‍ വാങ്ങിക്കൂട്ടന്നത് സിനിമാ താരങ്ങളാണ്.
നേരത്തെ നടന്മാര് ആയിരുന്നു കാര്‍ ക്രേസില്‍ മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ താരസുന്ദരിമാരും അവരോട് മത്സരിക്കുന്നു. പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തങ്ങളുടെ സ്റ്റാറ്റസിനും താരമൂല്യത്തിനും അനുയോജ്യമായ കാറുകള്‍ തന്നെ ആയിരിക്കാന്‍ നടിമാരും ശ്രദ്ധിക്കുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് തുടങ്ങി അങ്ങ് ബോളിവുഡില്‍ ചെന്ന് ഹിറ്റടിച്ച നടിയാണ് പൂജ ഹെഗ്ഡെ.
2010-ല്‍ മിസ് യൂണിവേഴ്സ് ഇന്ത്യ സെക്കന്‍ഡ് റണ്ണറപ്പ് ആയതോടെ പൂജയ്ക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നു കിട്ടി. 2012-ല്‍ മുഖംമൂടി എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ബിഗ് സ്ക്രീന്‍ അരങ്ങേറ്റമെങ്കിലും ടോളിവുഡ് ആണ് പൂജ ഹെഗ്ഡെയെ വളര്‍ത്തിയത്. ഇതിനിടെ ഹൗസ്ഫുള് 4 എന്ന സിനിമയിലൂടെ ബോളിവുഡിലും തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ ഷാഹിദ് കപൂറിന്റെ ദേവയിലൂടെ വിജയം തുടരുകയാണ് താര സുന്ദരി.
സൂര്യയുടെ റെട്രോ ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമായ ജനനായകന് തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകള്‍ വരാനിരിക്കുന്നു.പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പൂജ ഹെഗ്ഡെ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 3.5 മുതല്‍ 5 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്.
അതുകൊണ്ട് പൂജ ഹെഗ്ഡെയുടെ കാര്‍ ശേഖരം വളരെ വലുതാണ്. ഏറ്റവും വിലയേറിയ ചില കാറുകള്‍ പൂജയുടെ പക്കലുണ്ട്. പോര്‍ഷ കയെന്, ഔഡി ക്യൂ 7, ബിഎംഡബ്ല്യു 5 സീരീസ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇപ്പോൾ പൂജ ഹെഗ്ഡെ വളരെ വിലയേറിയ മറ്റൊരു കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മുംബൈയിലെ ഒരു സലൂണ്‍ സന്ദര്‍ശിക്കുന്നതിനിടെ എടുത്ത വീഡിയോ ആണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു റേഞ്ച് റോവര്‍ വോഗ് ലക്ഷ്വറി എസ്യുവിയിലാണ് പൂജ ഹെഗ്ഡെ സലൂണ്‍ സന്ദര്‍ശിക്കാനെത്തിയത്. ലോകത്തിലെ ഏറ്റവും വില കൂടിയ എസ്യുവികളില് ഒന്നായ റേഞ്ച് റോവര്‍ വോഗിന് ഏകദേശം നാലു കോടി രൂപ വില വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡേ. 50 കോടിയിലധികമാണ് പൂജയുടെ നിലവിലെ ആസ്തി. പ്രായം 34 ആയെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.