ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം ഏറെക്കാലം ചൈനയ്ക്കായിരുന്നു. എന്നാൽ അടുത്തനാളിൽ അവർക്കത് നഷ്ടപ്പെട്ടു. ഇന്ത്യയാണ് ഇപ്പോൾ മുന്നിൽ. യുഎൻ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം 142.86 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്.
ചൈനയിൽ 142.57 കോടിയും. ജനസംഖ്യ കുറയുന്നതിൽ ഉത്കണ്ഠാകുലരായ ചൈനീസ് ഭരണകൂടം രാജ്യത്തെ ജനനനിരക്കും വിവാഹനിരക്കും ഉയര്‍ത്താന്‍ നിരവധി പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. അതിനിടെ ഒരു ചൈനീസ് കന്പനി സ്വന്തം നിലയ്ക്ക് വിവാഹനിരക്ക് വർധിപ്പിക്കാൻ നടത്തിയ നീക്കം വലിയവിവാദമായി.
സംഭവം ഇങ്ങനെ: ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷുണ്ടിയൻ കെമിക്കൽ ഗ്രൂപ്പ് കന്പനി തങ്ങളുടെ ജീവനക്കാർക്കായി ഒരു സർക്കുലർ ഇറക്കി. 28നും 58നും ഇടയില്‍ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായവര്‍ സെപ്റ്റംബറോടെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കണമെന്നും അല്ലാത്തപക്ഷം അവരെ പിരിച്ചുവിടുമെന്നുമായിരുന്നു സർക്കുലറിലെ ഉള്ളടക്കം.
സദുദ്ദേശ്യത്തോടെയുള്ള ഈ നിര്‍ദേശം പക്ഷേ, വലിയ വിമര്‍ശനങ്ങൾക്കാണു വഴിവച്ചത്. സംഭവം വിവാദമായതോടെ ചൈനീസ് ഭരണകൂടം കമ്പനിയില്‍നിന്നു വിശദീകരണവും തേടി. എന്നാൽ, സ്വയം ന്യായീകരിക്കാനാണു കമ്പനി ആദ്യം നോക്കിയത്. വിവാഹനിരക്ക് ഉയര്‍ത്താനുള്ള സര്‍ക്കാർ നിര്‍ദേശങ്ങളെയും പരമ്പരാഗത ചൈനീസ് മൂല്യങ്ങളെയും പിന്തുണച്ചുകൊണ്ടാണ് ജീവനക്കാർക്ക് പ്രസ്തുത നിർദേശം നൽകിയതെന്നു കമ്പനി അവകാശപ്പെട്ടു.
കമ്പനിയുടെ നിര്‍ദേശം ഭരണഘടനാവിരുദ്ധമാണെന്നും അത് വിവാഹസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചൈനീസ് നിയമവിദഗ്ധർ കൂടി രംഗത്തെത്തിയതോടെ ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ബ്യൂറോ അധികൃതർ കമ്പനിയിൽ പരിശോധനയ്ക്കെത്തി. തൊട്ടു പിന്നാലെ കമ്പനി സര്‍ക്കുലര്‍ പിന്‍വലിക്കുകയും അവിവാഹിതരെ പിരിച്ചുവിടില്ലെന്നു ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.