വിചിത്രമായ ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. “ദുരിയൻ-ബിയർ’ കോന്പിനേഷനുമായാണ് അദ്ദേഹത്തിന്റെ പുതിയ എൻട്രി.
രൂക്ഷഗന്ധവും അരുചിയുമുള്ള ദുരിയൻപഴം ആരും അത്ര ഇഷ്ടപ്പെടുന്ന ഒന്നല്ല. എന്നാൽ, തായ്ലൻഡിന്റെ തലസ്ഥാനനഗരമായ ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ ദുരിയൻ പഴം ബിയറിൽ മുക്കി കഴിക്കുന്ന ലീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ദൃശ്യങ്ങളിൽ ദുരിയൻ പഴം ബിയറിൽ മുക്കി ലീ കഴിക്കുന്നതും ഒരു കഷണം പഴം ബിയറിലിട്ട് കുലുക്കുന്നതും കാണാം. ഈ കോന്പിനേഷൻ അടിപൊളിയാണെന്നും എല്ലാവരും രുചിച്ചുനോക്കണമെന്നും ലീ പറയുന്നു.
‘ബിയറിനുതന്നെ കയ്പാണ്. അപ്പോൾ അതിൽ മുക്കി ദുരിയൻ എങ്ങനെ കഴിച്ചു എന്നാണ് വീഡിയോ കണ്ടവരിലേറെയും അദ്ഭുതപ്പെടുന്നത്. എന്നാൽ, ചിലർ ഈ കോന്പിനേഷൻ പരീക്ഷിച്ചു നോക്കുമെന്നു പ്രതികരിച്ചു.