ഭുവനേശ്വർ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കി ബെർഹാംപുർ സർവകലാശാല വൈസ് ചാൻസലർ ഗീതാഞ്ജലി ഡഷിൽനിന്നു 14 ലക്ഷം രൂപ തട്ടിയെടുത്തു.
ഇഡി ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആൾമാറാട്ടം നടത്തി വീഡിയോ കോൾ വിളിച്ചാണു പണം കൈക്കലാക്കിയത്. ഈമാസം 12 നാണ് ഇഡി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാളിൽനിന്ന് ഗീതാഞ്ജലിക്ക് ഫോൺ കോൾ ലഭിച്ചത്. അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതായും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അയാൾ ആരോപിച്ചു.
ഗീതാഞ്ജലിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും 14 ലക്ഷം രൂപ നൽകിയാൽ വിട്ടയയ്ക്കാമെന്നും പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ പറഞ്ഞ അക്കൗണ്ടിലേക്ക് ഇവർ പണം നിക്ഷേപിച്ചു.
വിശ്വാസം നേടിയെടുക്കുന്നതിനായി ഇയാള്‍ അടുത്ത ദിവസം വിസിയുടെ അക്കൗണ്ടിലേക്ക് 80,000 രൂപ തിരിച്ചയച്ചു. ബാക്കി തുക ഘട്ടംഘട്ടമായി തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്മെന്നു പറഞ്ഞെങ്കിലും പിന്നീട് ബന്ധപ്പെട്ടില്ല. തുടര്‍ന്ന് വിസി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഫോണ്‍ വിളിച്ചയാള്‍ ഇംഗ്ലീഷിലാണു സംസാരിച്ചിരുന്നതെന്നും കുടുംബാംഗങ്ങളെ കുറിച്ചുള്‍പ്പെടെ സംസാരിച്ചതായും വിസി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി ബെർഹാംപുർ എസ്പി പറഞ്ഞു.