മലപ്പുറം: തിരൂരങ്ങാടിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. കോഴിക്കോട് പെരുമണ്ണ സ്വദേശികളും നിലവിൽ തലപ്പാറയിലെ ക്വർട്ടേഴ്സിൽ താമസക്കാരുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി പത്തോടെ തലപ്പാറ വലിയപറമ്പിലാണ് സംഭവം. ഇവരുടെ പിന്നാലെ സ്കൂട്ടറിലെത്തിയ വ്യക്തി കത്തി വീശുകയായിരുന്നു. ഇരുവർക്കും കൈക്കാണ് പരിക്കേറ്റത്. രണ്ടുതവണയാണ് കത്തിവീശിയത്.
അതിനുശേഷം തിരൂരങ്ങാടി ഭാഗത്തേക്ക് പ്രതി സ്കൂട്ടര്‍ ഓടിച്ച് പോകുകയായിരുന്നു. കൂരിയാട് വാടകയ്ക്ക് താമസിക്കുന്നതിനായി മറ്റൊരു ക്വാർട്ടേഴ്സ് നോക്കുന്നതിനായി പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു.
എന്താണ് അക്രമകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഇരുവരുടെയും മൊഴി എടുക്കും. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.