തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ പുനഃസംഘടന ഉടൻ നടന്നേക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റിയേക്കും.
അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. കെസിപിസി അധ്യക്ഷനെ സംബന്ധിച്ച് അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിൽ കനഗോലു ചൂണ്ടിക്കാട്ടിയിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കൾക്കിടയിലെ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും.