കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ കണ്ടക്ടര്‍മാര്‍ യൂണിഫോമിനൊപ്പം പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെയിം ബോര്‍ഡ് ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കടലാസിലൊതുങ്ങി. ഉത്തരവിറങ്ങി വര്‍ഷം 14 പിന്നിട്ടെങ്കിലും ഇതൊരു ഫലപ്രദമായില്ലെന്നതാണ് വാസ്തവം. സ്വകാര്യ ബസ് ജീവനക്കാര്‍ നെയിം ബോര്‍ഡ് ധരിക്കണമെന്ന ഗതാഗത വകുപ്പിന്റെ ഉത്തരവ് 2002 ജൂണ്‍ 24 ന് പുറത്തിറങ്ങിയിരുന്നുവെങ്കിലും ഫലം കാണാതായതോടെയാണ് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവ് ഇറക്കിയത്.
സ്വകാര്യ ബസുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ 2011 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബസുകളില്‍ പലപ്പോഴും കണ്ടക്ടര്‍മാര്‍ മാറിമാറിയാണ് വരുന്നത്. അതിനാല്‍ മോശം പെരുമാറ്റം നടത്തുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ടാകാറുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അതിക്രമമുണ്ടായാല്‍ പോലീസിലോ, വനിതാ സെല്ലിലോ ആര്ടിഒയ്ക്കോ പരാതിനല്കാന് തടസമാവരുതെന്ന് കണ്ടാണ് കണ്ടക്ടര്‍മാര്‍ പോലീസുകാരുടേതുപോലെ നെയിംപ്ലേറ്റ് ധരിക്കണമെന്നു നിര്‍ദേശം വന്നത്.
കാക്കി ഷര്‍ട്ടില്‍ ഇടത് പോക്കറ്റിന്റെ മുകളില്‍ നെയിം ബോര്‍ഡുകള്‍ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ് നമ്പര്‍ എന്നിവ ഇതില്‍ ഉണ്ടാവണം. കറുത്ത അക്ഷരത്തില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ പേരെഴുതണം. തുടക്കത്തില്‍ ചില സ്ഥലങ്ങളില്‍ ഉത്തരവ് നടപ്പായെങ്കിലും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയൊന്നുമെടുക്കാതായതോടെ അതും നിലച്ചു. ചിലയിടങ്ങളില്‍ ആര്.ടി.ഒ. അന്ത്യശാസനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബസുടമകളും ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിനു ശേഷം ഇതെല്ലാം പൂര്‍ണമായും നിലച്ചു.
നെയിം ബോര്‍ഡ് ധരിക്കാത്ത കണ്ടക്ടര്‍മാര്‍ക്ക് 1,000 രൂപ പിഴ ഈടാക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. വീണ്ടും നിയമം ലംഘിച്ചാല്‍ കണ്ടക്ടറുടെ ലൈസന്‍സ് തന്നെ റദ്ദാക്കാനും നിയമത്തില്‍ വകുപ്പുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് 250 രൂപയാണ് പിഴയിടുന്നത്. സ്വകാര്യ ബസ് ക്ലീനര്‍മാര്‍ യൂണിഫോമും നെയിംപ്ലേറ്റും ധരിക്കുന്നുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് നിര്‍ബന്ധമായും ഉറപ്പാക്കണമെന്നും വീഴ്ചവരുത്തുന്ന ബസ് ജീവനക്കാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണായിരുന്ന കെ. ബൈജുനാഥും നേരത്തെ ഉത്തരവിറക്കിയിരുന്നു. അതും ഫലം കണ്ടില്ല. സ്വകാര്യ ബസ് ജീവനക്കാര്‍ നെയിം ബോര്‍ഡ് ധരിക്കുന്നുണ്ടോയെന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര് 2024 സെപ്റ്റംബറില്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് ഫലിച്ചില്ല.
നിലവിലെ ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജു കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന സമയത്ത് നഗരത്തിലെ സ്വകാര്യ ബസുകളില്‍ പോലീസ് പരിശോധന ഉണ്ടായിരുന്നു. സിറ്റി വാരിയേഴ്സ് എന്ന പേരില്‍ വനിത പോലീസുകാര്‍ ഇപ്പോഴും ബസുകളില്‍ പരിശോധന നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് യാതൊരു കുറവും വന്നിട്ടില്ല. മത്സരയോട്ടവും റോഡിനു മധ്യേ നിറുത്തി യാത്രക്കാരെ കയറ്റുന്നതും നിര്‍ബാധം തുടരുകയാണ്.
സീമ മോഹന്‍ലാല്‍