ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന് താരം ഇബ്രാഹിം സദ്രാന്. ഇംഗ്ലണ്ടിന് എതിരായ ഗ്രൂപ്പ് ബി മത്സരത്തിലാണ് അഫ്ഗാനിസ്ഥാനുവേണ്ടി സദ്രാന് സ്റ്റാര്‍ ആയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനുവേണ്ടി സദ്രാന് 146 പന്തില്‍ 177 റണ്‍സ് അടിച്ചുകൂട്ടി. അസ്മത്തുള്ള ഒമര്‍സായി (67 പന്തില്‍ 41), ഹഷ്മത്തുള്ള ഷാഹിദി (31 പന്തില്‍ 40), മുഹമ്മദ് നബി (24 പന്തില്‍ 40) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്കു സംഭാവന ചെയ്തപ്പോള്‍ അഫ്ഗാനിസ്ഥാന്റെ സ്കോര്‍ 50 ഓവറില്‍ ചെന്നെത്തിയത് 325/7.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 49.5 ഓവറിൽ 317 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അതോടെ അഫ്ഗാനിസ്ഥാൻ എട്ടു റൺസിന്റെ ജയം സ്വന്തമാക്കി. ഫലത്തിൽ ഗ്രൂപ്പ് ബിയിൽനിന്ന് സെമി ഫൈനൽ കാണാതെ ഇംഗ്ലണ്ട് പുറത്ത്. കളിച്ച രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് ഇംഗ്ലണ്ട് പുറത്തായത്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ബാറ്ററിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റിക്കാര്‍ഡും സദ്രാന് ഇന്നലെ കറാച്ചിയില്‍ കുറിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് കുറിച്ച 165 റണ്‍സ് ആണ് ഇതോടെ പിന്തള്ളപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച കറാച്ചിയില്വച്ചായിരുന്നു ഡക്കറ്റിന്റെയും മിന്നും പ്രകടനം. ഏകദിനത്തില്‍ ഒരു അഫ്ഗാന് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും സദ്രാന് കുറിച്ച 177 ആണ്. അവസാന 10 ഓവറില്‍ അഫ്ഗാനിസ്ഥാന് 113 റണ്‍സ് ആണ് ഇന്നലെ അടിച്ചുകൂട്ടിയത്.
റൂട്ടിനും വഴി തെറ്റി
ഐസിസി ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാന് ആദ്യമായി 300 കടന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ തിരിച്ചടി ജോ റൂട്ടിലൂടെയായിരുന്നു. 133 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു റൂട്ട് ക്രീസിലുറച്ചത്. 111 പന്തിൽ 120 റൺസ് നോടിയ റൂട്ടിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. അഫ്ഗാന്റെ അസ്മത്തുള്ള ഒമര്‍സായി 9.5 ഓവറിൽ 58 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.