ഗാന്ധിനഗര്‍: ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും.
ജോര്‍ജ് കഴിഞ്ഞ ദിവസം കീഴടങ്ങിയ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്നലെ കോടതി അവധിയായതിനാല്‍ ഇന്നു രാവിലെ 11ന് ജാമ്യാപേക്ഷ പരിഗണിക്കും.
ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ കൂടുതല്‍ വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് റിമാന്‍ഡ് സെല്ലിലാക്കിയിരുന്നു. ഇസിജി വ്യത്യാസം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയെത്തുടര്‍ന്ന് കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റിയിരുന്നു.
നിലവില്‍ ഇസിജിയില്‍ കുഴപ്പമില്ലെങ്കിലും രക്ത സമ്മര്‍ദത്തില്‍ കാര്യമായ മാറ്റമില്ല. ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരും പരിശോധിക്കുന്നുണ്ട്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്.
ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ജോര്‍ജിനെ ഇന്നലെ രാവിലെ കാര്‍ഡിയോളജി വിഭാഗം വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു. വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.