തൊടുപുഴ: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ് (31) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 22ന് തൊടുപുഴ ഡിഡിഇ ഓഫീസിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്നെത്തിയ പ്രതി തടഞ്ഞുനിർത്തി. തുടർന്ന് മോശമായി പെരുമാറുകയായായിരുന്നു. പ്രതി തൊടുപുഴ ചന്തക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഈ വീട്ടിലെ സ്കൂട്ടറിൽ വന്നാണ് പ്രതി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
എസ്ഐ എൻ.എസ്. റോയി, പ്രൊബേഷൻ എസ്ഐ ശ്രീജിത്, സിപിഒമാരായ മുജീബ് റഹ്മാൻ, മഹേഷ്, സനൂപ്, ഷാബിൻ, അഫ്സൽ ഖാൻ, ഫിറോസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.