ലക്നോ: ഉത്തർപ്രദേശിൽ രണ്ടുപേരെ ആക്രമിച്ച കടുവയെ ഗ്രാമവാസികൾ തല്ലിക്കൊന്നു. ലഖിംപുർ ഖേരിയിലെ ദുധ്വ ടൈഗർ റിസർവിലെ ബഫർ സോണിലാണ് സംഭവം. രണ്ടു വയസുള്ള പെൺകടുവയാണു ചത്തത്. രണ്ടുപേരെ കടുവ ആക്രമിച്ചതിനെ തുടർന്ന് അക്രമാസക്തരായ ഫുൽവാരിയയിലെ ജനക്കൂട്ടം വടികൊണ്ട് അടിച്ചാണ് കടുവയെ കൊന്നത്.
പാലിയ തഹ്സിലിലെ ഗ്രാമത്തിൽനിന്ന് വനം ഉദ്യോഗസ്ഥർ കടുവയുടെ ജഡം കണ്ടെടുത്ത് റേഞ്ച് ആസ്ഥാനത്തേക്ക് അയച്ചതായി ദുധ്വ ബഫർ സോൺ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പുകൾ പ്രകാരം പാലിയ പോലീസ് സ്റ്റേഷനിൽ അജ്ഞാതരായ വ്യക്തികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.