ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ദ്രുതകര്‍മ സേന പ്രവര്‍ത്തനം തുടങ്ങി. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിലെത്തി സേന പരിശോധനകള്‍ ആരംഭിച്ചു. 20 ദ്രുതകര്‍മ സേനയെയാണ് പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരുന്നതെങ്കിലും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച നാലു സ്ഥലങ്ങളിലാണ് സേന പരിശോധന നടത്തുകയും രോഗമുള്ള കണ്ടെത്തിയ താറാവുകളെ പ്രത്യേകം മാറ്റുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചത്.
രോഗബാധ സ്ഥിരീകരിച്ച താറാവുകളെ കൊല്ലുന്ന നടപടികള്‍ നാളെയെ ഉണ്ടാകാന്‍ ഇടയുള്ളു. രണ്ടുവര്‍ഷം മുമ്പ് പക്ഷിപ്പനിയുണ്ടായപ്പോള് രോഗ ബാധ സ്ഥിരികരിക്കപ്പെട്ട പ്രദേശത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കിയിരുന്നു. എന്നാല്‍ ഇത്തവണ കണ്ടെത്തിയിരിക്കുന്ന വൈറസ് മാരകമല്ലാത്തതിനാല്‍ രോഗം വന്ന പക്ഷികളെ മാത്രം കൊന്നാല്‍ മതിയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.
ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് മൂന്നുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രോഗം വന്ന താറാവുകളെ ചുട്ടെരിക്കുന്നതിനായി വിറകും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്കായാണ് പണം അനുവദിച്ചത്. രോഗ ബാധ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് താറാവുകളെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് ജില്ലാ ഭരണ കൂടം നിരോധിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇത്തരത്തില്‍ താറാവുകളെ കടത്തുന്നത് തടയാന്‍ പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
എച്ച് 5 എന്‍ 8 ഇനത്തില്‍പ്പെട്ട വൈറസുകളാണ് രോഗബാധയ്ക്ക് കാരണമെന്ന് ഭോപ്പാലിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഈ വൈറസ് പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയില്ല. അതേസമയം പക്ഷികള്‍ക്ക് ഈ വൈറസ് മരണകാരണവുമാണ്. താറാവുകള്‍ക്ക് രോഗലക്ഷണം കണ്ടാല്‍ ഉടന്‍ മൃഗസംരക്ഷണവകുപ്പിനെ അറിയിക്കണമെന്ന് കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0477- 2252636 എന്ന നമ്പരില്‍ പക്ഷിപ്പനി സംബന്ധമായ സംശയങ്ങള്‍ ദൂരികരിക്കുന്നതിനും വിവരങ്ങള്‍ അറിയിക്കുന്നതിനുമായി ബന്ധപ്പെടാവുന്നതാണ്. ആയിരക്കണക്കിന് താറാവുകള്‍ പക്ഷിപ്പനി ബാധ മൂലം ചത്തുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ കണക്കില്‍ ഇത് 1500 ഓളം മാത്രമാണ്. കര്‍ഷകരുടെ കൈവശമുള്ള താറാവുകളുടെ വിവരശേഖരണം നടത്താന്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഈ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
വൈറസ് എത്തിയത് സൈബീരിയന്‍ പക്ഷികളിലൂടെ
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധ വീണ്ടും പടര്‍ന്നതിനു പിന്നില്‍ ദേശാടന പക്ഷികളെന്നു പ്രാഥമിക നിഗമനം. സൈബീരിയില്‍ നിന്നുമെത്തിയ പക്ഷികളിലൂടെയാണ് വൈറസ് ജില്ലയിലെത്തിയതെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ തവണയും ദേശാടന പക്ഷികള്‍ തന്നെയായിരുന്നു പക്ഷിപ്പനി വൈറസ് ജില്ലയില്‍ പടരുന്നതിനു കാരണമായത്. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലേക്കു ആയിരക്കണക്കിന് ദേശാടന പക്ഷികളാണു പുഞ്ചകൃഷി ഒരുക്ക സമയത്തു എത്തുന്നത്.
വെള്ളം വറ്റിച്ച പാടശേഖരങ്ങളില്‍ നിന്നു ഇരപിടിക്കുന്നതിനുള്ള സൗകര്യവും ചേക്കേറുന്നതിനുളള സൗകര്യവും ധാരാളമുള്ളതിനാലാണ് കൂടുതല്‍ ദേശാടന പക്ഷികള്‍ കുട്ടനാട്ടിലെത്തുന്നത്. കഴിഞ്ഞ 19ന് തകഴിയിലാണു പക്ഷിപ്പനി ബാധ ലക്ഷങ്ങള്‍ താറാവുകളില്‍ ആദ്യം കണ്ടത്. തുടര്‍ന്നു കുട്ടനാട്ടിലെ വിിവിധ പ്രദേശങ്ങളില്‍ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ആശങ്കയില്‍ താറാവ് കര്‍ഷകര്‍
ആലപ്പുഴ: രണ്ടുവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകര്‍ഷകര്‍ ആശങ്കയില്‍. കുട്ടനാടന്‍ താറാവിന് സംസ്ഥാനത്തുടനീളം വിപണിയില്‍ ആവശ്യമുയരുന്ന ഡിസംബര്‍ മാസം ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് താറാവിന് കുഞ്ഞുങ്ങളാണ് കര്‍ഷകരുടെ നഴ്സറികളിലുള്ളതെന്നാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. അപ്പര്‍കുട്ടനാട്, കുട്ടനാടന്‍ മേഖലകളിലെ പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം പക്ഷിപ്പനി ബാധ സ്ഥീരികരിച്ചിരിക്കുന്നത്.
2014 നവംബറിലാണ് ജില്ലയില്‍ ആദ്യം പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. അന്ന് എച്ച് ഫൈവ് എന്‍ വണ്‍ വൈറസായിരുന്നു പക്ഷിപ്പനിക്ക് കാരണമായിരുന്നത്. മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുള്ള വൈറസായതിനാല്‍ ജനങ്ങള്‍ ആശങ്കയിലായിരുന്നു അന്ന്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ഒരുമിച്ച് ആഴ്ചകളോളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നാണ് രോഗഭീഷണി ഇല്ലാതാക്കാന്‍ കഴിഞ്ഞത്. 10,000 കണക്കിന് താറാവുകളെയാണ് രോഗ ഭീഷണി കണക്കിലെടുത്ത് അന്ന് കൊന്നൊടുക്കിയത്. ആയിരക്കണക്കിനു മുട്ടകളും നശിപ്പിച്ചിരുന്നു.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ടു വളര്‍ത്തിയ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് താറാവ് കര്‍ഷകരുടെ നട്ടെല്ലൊടിച്ചിരുന്നു. എന്നാല്‍ ഇത്തവണ എച്ച 5 എന്‍ 8 വൈറസാണ് പക്ഷിപ്പനിക്ക് കാരണമായിരിക്കുന്നത്. ഇത് പക്ഷികളില്‍ നിന്നും മനുഷ്യരിലേക്കു പടരാന്‍ സാധ്യതയില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പക്ഷിപ്പനിയെന്ന വാര്‍ത്ത താറാവ് വിപണിയെ കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നേരത്തെ പക്ഷിപ്പനി ബാധമൂലം താറാവുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭ്യമാക്കിയിരുന്നുവെങ്കിലും പക്ഷിപ്പനി ഏല്പിച്ച ആഘാതത്തില്‍ നിന്നും നാളുകളെടുത്താണ് കര്‍ഷകര്‍ മോചിതരായത്. താറാവുകര്‍ഷകര്‍ വീണ്ടും ഒരു സീസണുവേണ്ടി തയാറെടുക്കുന്നതിനിടയിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.