കണ്ണൂര്‍: കണ്ണൂർ വനിതാ ജയിലിൽ തടവുകാരിയായ നൈജീരിയൻ സ്വദേശിനിക്ക് സഹതടവുകാരിയുടെ മർദനം. സംഭവത്തിൽ ഭാസ്ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് കാരണവര്‍, തടവുകാരി ഷബ്ന എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. നൈജീരിയൻ സ്വദേശിനി കാനേ സിംപോ ജൂലിക്കാണ് (33) മർദനമേറ്റത്.
24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മർദിച്ചെന്നാണ് പരാതി. രാവിലെ കുടിവെള്ളം എടുക്കാൻ പോകുന്നതിനിടെ ഷെറിൻ കാരണവർ തള്ളിയിടുകയുംഷബ്ന അസഭ്യം പറഞ്ഞ് മർദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് കാണിച്ച് കാനേ സിംപോ ജൂലി പരാതി നൽകുകയായിരുന്നു.
24 ന് രാവിലെ നടന്ന സംഭവം ജയിലധികൃതർ ഇന്നലെയാണ് പോലീസിനെ അറിയിച്ചത്. മർദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ വൈകുന്നേരം ടൗൺ പോലീസ് ജയിലിലെത്ത് നൈജീരിയൻ സ്വദേശിനിയുടെ മൊഴിയെടുത്തു.
ഷെറിൻ കാരണവരെ വിട്ടയക്കാനുള്ള വിവാദമായ സര്‍ക്കാര്‍ തീരുമാനം ഗവർണറുടെ പരിഗണനയിലിരിക്കെയാണ് സഹതടവുകാരിയെ മർദിച്ചതിന് ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.