ചേർത്തല: ചേർത്തലയിലെ വ്യാപാരിയിൽനിന്നു 61 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ട് ഉത്തർപ്രദേശ് സ്വദേശികളെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ലഖ്നൗ ബാലഗഞ്ച് സ്വദേശി ശുഭം ശ്രീവാസ്തവ (30), അമേത്തി കത്തൗര സ്വദേശി മുഹമ്മദ് സഹിൽ (27) എന്നിവരെയാണ് ചേർത്തല പോലീസ് ഉത്തർപ്രദേശിൽനിന്നും പിടികൂടിയത്.
ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പോലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്സ്ആപ്പ് കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി രണ്ടുദിവസത്തോളം വീട്ടുതടങ്കലിലാക്കി തവണകളായി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് 61.40 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ അന്തർ സംസ്ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവർ ചെയ്ത രീതി. തട്ടിപ്പുകളിലൂടെ വരുന്ന പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയുമായിരുന്നു.
വ്യാപാരി ചേർത്തല പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉത്തർ പ്രദേശ് സ്വദേശികളെ പിടികൂടിയത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദേശാനുസരണം ചേർത്തല എസിപി ഹരീഷ് ജെയിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ചേർത്തല സിഐ ജി. അരുൺ, എസ്ഐ കെ.പി. അനിൽകുമാർ, സീനിയർ സിപിഒമാരായ കെ.പി. സതീഷ്, പി.എസ്. സുധീഷ്, ഡി. വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.