പൊൻകുന്നം: അന്തരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ ബസ് ഉടമകളും ജീവനക്കാരും ചേർന്നുനടത്തിയ സ്നേഹയാത്രയിൽ ഏഴരലക്ഷം രൂപ സമാഹരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇരുപതോളം ബസുകളിലാണ് ഒരു ദിവസത്തെ സ്നേഹയാത്ര ഒരുക്കിയത്.
ടിക്കറ്റ് നിരക്കിനേക്കാൾ കൂടിയ തുക നൽകി യാത്രക്കാരും സ്നേഹയാത്രയിൽ പങ്കുചേർന്നു. ബസ് ഉടമകളും ജീവനക്കാരും തങ്ങളുടെ ഒരുദിവസത്തെ വരുമാനം കൂടി നൽകി.
പൊൻകുന്നം-മണ്ണടിശാല റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസിൽ ഡ്രൈവറായിരുന്ന പാറത്തോട് ഇടക്കുന്നം കൊടിച്ചിറയിൽ രതീഷ്(42) കാൻസർ ബാധിതനായിരിക്കെ എലിപ്പനി കൂടി ബാധിച്ച് ജനുവരി 18 നാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ അമ്മ ഒരു വർഷം മുന്പ് കാൻസർ ബാധിച്ച് മരിച്ചതാണ്. സഹോദരനും കാൻസർ മൂലം മരിച്ചു. രതീഷിന്റെ മൂന്നുമക്കളിൽ മൂത്തയാളും ഇതേ രോഗത്താൽ മരിച്ചു.
രണ്ടാമത്തെ മകൻ അപ്പെൻഡിസൈറ്റിസിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഇളയ മകൾക്ക് കരളിൽ അർബുദ ബാധയെത്തുടർന്ന് അമ്മയുടെ കരൾ നൽകി ചികിത്സ തുടരുകയാണ്.
ഇങ്ങനെ എണ്ണിത്തീരാത്ത ദുരിതങ്ങളിലൂടെയാണ് ഈ കുടുംബത്തിന്റെ യാത്ര. ഇതിന് ആശ്വാസം പകരാനുള്ള ശ്രമമാണ് ബസ് ഉടമകളും ജീവനക്കാരും നടത്തിയത്.