“ഞാൻ സിനിമയിൽ വന്ന കാലം മുതൽ ഇന്ദ്രൻസുമായി ബന്ധമുണ്ട്. ഇന്ദ്രൻസ് കോസ്റ്റ്യൂമർ ആയിരിക്കുമ്പോൾ തൊട്ടുള്ള പരിചയമാണ്. ഡൗൺ ടു എർത്ത് ആയ ഒരു മനുഷ്യൻ. കുടുംബസുഹൃത്തുക്കളാണ്. എന്റെ ഭാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന സമയത്ത് മെഡിക്കൽ കോളജ് സ്റ്റോപ്പിൽ ഒരു കൊച്ചു കടയുണ്ടായിരുന്നു ഇന്ദ്രൻസിന്.
സിനിമയിൽ പടിപടിയായി ഉയർന്നു വന്നപ്പോൾ ആ കട വിട്ട് കുമാരപുരത്ത് കുറച്ചുകൂടി വലിയ കട സ്വന്തമാക്കി. ആ കടയുടെ അടുത്താണ് എന്റെ മകളിപ്പോൾ താമസിക്കുന്നത്. എന്റെ മകളുടെ യൂണിഫോം തയ്ക്കുന്നത് ഇന്ദ്രൻസിന്റെ ഇന്ദ്രൻസ് ബ്രദേഴ്സ് എന്ന കടയിൽ നിന്നാണ്. ഞാൻ ഉടുപ്പുകൾ തയ്ക്കുന്നതും ഇന്ദ്രൻസിന്റെ കടയിൽ നിന്നാണ്.
കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വീട് വയ്ക്കുന്ന കാര്യം വരെ ഞാനുമായി ഇന്ദ്രൻസ് ചർച്ച ചെയ്യാറുണ്ട്. സിനിമയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ഇന്ദ്രൻസിന് വളരെ നേരത്തെ തന്നെ ഹാസ്യതാരം എന്നതിൽ നിന്ന് കാരക്ടർ ആക്ടറായി പ്രമോഷൻ കിട്ടി. കൂടുതൽ അംഗീകാരങ്ങൾ കിട്ടി. ആ അംഗീകാരങ്ങളിൽ എനിക്ക് നിരാശയും സങ്കടവും തോന്നിയിരുന്നു.
ഇന്ദ്രൻസിന് കിട്ടിയതിൽ അല്ല എനിക്ക് കിട്ടാത്തതിൽ. വൈകാതെ എനിക്കും ബ്രേക്ക് കിട്ടി. എനിക്ക് നല്ല വേഷങ്ങൾ ലഭിക്കുമ്പോഴൊക്കെ ഇന്ദ്രൻസ് എന്നെ വിളിച്ച് അഭിനന്ദനം അറിയിക്കാറുണ്ട്. സർ പടം ഇന്നലെ കണ്ടു നന്നായിട്ടുണ്ട്, ഗംഭീരമായിട്ടുണ്ട് സർ എന്ന് പറയും. ഹോം ഇറങ്ങിയ സമയത്ത് ഞാൻ ഇന്ദ്രൻസിനെ വിളിച്ച പറഞ്ഞു ഇന്ദ്രാ നന്നായിട്ടുണ്ട്…അവാർഡ് കിട്ടും എന്ന്. അത് അവാർഡ് കമ്മിറ്റിക്ക് കൂടി തോന്നണ്ടേ സർ എന്നാണ് ഇന്ദ്രൻസ് എന്നോട് മറുപടി പറഞ്ഞത്. ദിവസവും ഇല്ലെങ്കിലും രണ്ടാഴ്ച്ച കൂടുമ്പോഴൊക്കെ ഞങ്ങൾ വിളിച്ച് സംസാരിക്കാറുള്ളതാണ് എന്ന് ജഗദീഷ് പറഞ്ഞു.